പാലാ ബിഷപ്പിനെതിരെ കേസെടുത്തവര്‍ ലൗ ജീഹാദ് വിഷയത്തില്‍ സിപിഎം നേതാവിനെ സംരക്ഷിക്കുന്നതെന്തിന്‌

കേരളത്തില്‍ ഗൂഢലക്ഷ്യങ്ങളോടെയുള്ള മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് പറയാനാകില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ‘വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി, അവരുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സിപിഐഎമ്മിന്റെ ഈ ഒളിച്ചുകളിയും കാപട്യവും അവസാനിപ്പിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

ലൗ ജിഹാദ് വിഷയത്തില്‍ ബിജെപിയുടെ അഭിപ്രായം പിന്നീട് പറയാമെന്ന് പറഞ്ഞ വി മുരളീധരന്‍, പാലാ ബിഷപ്പിനെതിരെ കേസെടുത്തവര്‍ ജോര്‍ജ് എം. തോമസിനെ സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. ലൗ ജിഹാദില്‍ കല്ലറങ്ങാട്ട് പിതാവ് നടത്തിയ പരാമര്‍ശം ആക്ഷേപമായാണ് എടുത്തത്.

ജോര്‍ജ് എം തോമസ് പറഞ്ഞാല്‍ നാക്കുപിഴയായി കണക്കാക്കുന്നവര്‍ പാലാ ബിഷപ്പ് പറഞ്ഞാല്‍ നാക്കുപിഴയായി കാണാത്തതെന്താണെന്നും മുരളീധരന്‍ ചോദിച്ചു. സിപിഎമ്മിന്റെ അവസരവാദം വീണ്ടും പുറത്താകുകയാണ് എന്നും ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.