മുഖ്യമന്ത്രി രാജ്ഭവനെ ഭരിക്കാന്‍ ശ്രമിക്കരുത്; അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമെന്ന് വി.മുരളീധരന്‍

മുഖ്യമന്ത്രി രാജ്ഭവനെ ഭരിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അങ്ങനെ ശ്രമിച്ചാല്‍ അപകടകരമായ സ്ഥിതിയിലേക്കെത്തുമെന്ന് മുഖ്യമന്ത്രി മനസിലാക്കണം.‘ഗവര്‍ണറുടെ പദവിയെ താഴ്ത്തിക്കെട്ടാനും അദ്ദേഹത്തെ അവഹേളിക്കാനുമാണ് കുറച്ചുനാളുകളായി കേരളത്തിലെ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഗവര്‍ണറുടെ അവകാശത്തിന്മേല്‍ കൈകടത്താനും സര്‍ക്കാര്‍ മുതിര്‍ന്നു. ഗവര്‍ണറുടെ അധികാര പരിധിയില്‍പ്പെടുന്ന ഒരു നിയമനവിഷയത്തിലെ കത്ത്, സര്‍ക്കാര്‍ രാജ്ഭവനെകൂടി ഭരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ്. ഇന്നുണ്ടായ സംഭവം സര്‍ക്കാരിന്റെ തെറ്റായ സമീപനമാണ്.

രാജ്ഭവനില്‍ കയറി ഭരിക്കാന്‍ നടത്താന്‍ ശ്രമിച്ചതിനുള്ള മറുപടിയാണ് രാജ്ഭവന്‍ നല്‍കിയത്. നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് കൊണ്ട് ഇനിയും ചോദ്യം ചെയ്യല്‍ ഉണ്ടാകില്ലെന്ന് കരുതരുതെന്നും വി. മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ഇനിയും അതിന് തുനിയരുതെന്നാണ് ഇന്നത്തെ സംഭവം ഓര്‍മിപ്പിക്കുന്നത്. ഗവര്‍ണറുടെ അവകാശങ്ങളെ ചോദ്യം ചെയ്യാന്‍ ഒരുദ്യോഗസ്ഥന് എങ്ങനെ ധൈര്യം വന്നുവെന്നും വി മുരളീധരന്‍ ചോദിച്ചു.

അതേസമയം സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ബിജെപി രംഗത്തെത്തി. നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടതും ഇടാത്തതുമൊക്കെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നങ്ങളാണ്. ഭരണഘടനയനുസരിച്ച് അവരത് പരിഹരിക്കുകയും ചെയ്യുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ചെയ്ത കാര്യങ്ങളുമായാണ് ഇപ്പോള്‍ വിമര്‍ശനവുമായി എത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു.