ഗണ്‍മാനെ റോഡരികില്‍ ഇറക്കിവിട്ടു, കേന്ദ്രമന്ത്രി വി മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുരളീധരന്‍. എന്നാല്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയെന്ന പരാതിയുമായി ബി.ജെ.പി. നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ മന്ത്രി വഴിയിൽ ഇറക്കിവിട്ടു. ഗണ്‍മാന്‍ ബിജുവിനെയാണ് തിരുവനന്തപുരത്ത് റോഡരികില്‍ ഇറക്കിവിട്ടത്.

ഇന്ന് കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാധാരണഗതിയില്‍ മുരളീധരന് നല്‍കി വന്നിരുന്ന പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും അനുവദിച്ചിരുന്നില്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്തുപോലും പൈലറ്റ് വാഹനം ഒഴിവാക്കിയിരുന്നെങ്കിലും എസ്‌കോര്‍ട്ട് വാഹനം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായ മന്ത്രിക്ക് എസ്‌കോര്‍ട്ട് വാഹനവും പൈലറ്റ് വാഹനവും ഒഴിവാക്കിയെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്.

സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ ഒഴിവാക്കിയത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനില്‍വെച്ചാണ് ഗണ്‍മാന്റെ ചുമതലയിലുണ്ടായിരുന്ന ബിജുവിനെ റോഡരികില്‍ ഇറക്കിവിട്ടത്. പൈലറ്റും എസ്‌കോര്‍ട്ടും ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഗണ്‍മാനും വേണ്ട എന്ന നിലപാട് മന്ത്രി സ്വീകരിച്ചതായാണ് വിവരം.