കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നതില്‍ ആശങ്കയെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ആശങ്കപ്പടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മുരളീധരന്‍ ഇങ്ങനെ പറഞ്ഞത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ഇനിയും ഓക്സിജന്‍ അയക്കാന്‍ കേന്ദ്രം തയ്യാറാണെന്നും വി മുരളീധരന്‍ പറഞ്ഞു.

ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടതു പോലെ മരണക്കണക്കുകളിലടക്കം കൂടുതല്‍ സുതാര്യത പുലര്‍ത്തേണ്ട സമയമാണിത്. വിവരങ്ങള്‍ മറച്ചു വയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിക്കുന്നെന്നും മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്,

‘കോവിഡ് ചികില്‍സാരംഗത്ത് പ്രതീക്ഷയേകി കേരളത്തിലേക്ക് കേന്ദ്രമയച്ച ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ രാവിലെ കൊച്ചി വല്ലാര്‍പാടത്ത് എത്തിയിരിക്കുന്നു. 118 മെട്രിക് ടണ്‍ ഓക്സിജനുമായെത്തിയ ട്രെയിനിന്‍റെ വരവ് സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമത്തിന് വലിയൊരു അളവു വരെ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിനുള്ള ഓക്സിജന്‍ വിഹിതം 223 മെട്രിക് ടണ്ണില്‍ നിന്ന് 358 മെട്രിക് ടണ്ണായി കഴിഞ്ഞദിവസം ഉയര്‍ത്തിയിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ഇനിയും ഓക്സിജന്‍ അയക്കാന്‍ കേന്ദ്രം തയാറാണ്. ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണക്കണക്കുകളിലടക്കം കൂടുതല്‍ സുതാര്യത പുലര്‍ത്തേണ്ട സമയമാണിത്. വിവരങ്ങള്‍ മറച്ചു വയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നു.’

അതേസമയം, രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്ബലമുഗളില്‍ സജ്ജമാകുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്ന താല്‍ക്കാലിക കോവിഡ് ആശുപത്രിയില്‍ 100 ഓക്സിജന്‍ ബെഡുകളാണ് ഉള്ളത്. അടുത്ത ഘട്ടമായി അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും, തുടര്‍ന്ന് 8 ദിവസങ്ങള്‍ക്ക് ശേഷം 1500 ആയും ഉയര്‍ത്താന്‍ സാധിക്കും.

കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടര്‍മാര്‍, 240 നഴ്സുമാര്‍ എന്നിവരുള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകള്‍ നടക്കുകയാണ്. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് ബി പി സി എല്‍ ഓക്സിജന്‍ പ്ലാന്‍റില്‍ നിന്നും നേരിട്ട് ഓക്സിജന്‍ ലഭ്യമാക്കും. ഇതു വഴി ഓക്സിജന്‍ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും ഒഴിവാക്കാന്‍ കഴിയും.