ഒരു ചുക്കിനേയും പേടിയില്ലെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്തിനെന്ന് മുരളീധരന്‍

തിരുവനന്തപുരം: കിഫ്.ബി ആസ്ഥാനത്തെ ആദായനികുതി പരിശോധനയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചാല്‍ സ്വയം അപമാനിതരായി മാറുമെന്നും കിഫ്ബിയെ ഒരുചുക്കും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രിയുടെ വെല്ലുവിളി.

ഒരു ചുക്കിനേയും പേടിയില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് തിരിച്ചു ചോദിച്ച്‌ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍.
നരേന്ദ്രമോദിയുടെ നട്ടെല്ലിന് നല്ല ഉറപ്പാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതുകൊണ്ടൊന്നും കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിക്ക് പിന്നാലെ കിഫ്ബിയും ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിനെതിരേ മുഖ്യമന്ത്രിയും സര്‍ക്കാരും ശക്തമായാണ് രംഗത്തുവന്നത്. പരിശോധനയെ തെമ്മാടിത്തമെന്നാണ് ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ചത്. ഇന്നലെ രാത്രി നടന്ന പരിശോധിക്കിടെ ആദായനികുതി കമ്മീഷണര്‍ മഞ്ചിത് സിങ്ങും കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി.

എന്‍ഫോഴ്‌സമെന്റ് ഡയറക്ടടേറ്റ് ഉള്‍പ്പടെ കേന്ദ്ര എജന്‍സികള്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ അപൂര്‍വ്വവും അസാധാരണവുമായ നീക്കമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്രഎജന്‍സികള്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ച്‌ സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വച്ച്‌ പരിശോധിക്കുന്നത് ഇതാദ്യമായാണ്.