വക്കം പുരുഷോത്തമൻ (96) അന്തരിച്ചു

വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് വക്കം പുരുഷോത്തമൻ. ദേശീയ തലത്തിലും നേതാവായിരുന്നു.മുൻ മിസോറാം, ത്രിപുര ഗവർണർ, ലോക്സഭ അംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വ്യക്തിയാണ് വക്കം പുരുഷോത്തമൻ.ആൻഡമാനിൽ ലഫ്. ഗവർണറുമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായക കണ്ണിയായി പതിറ്റാണ്ടുകൾ പ്രവർത്തിച്ചു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്. എം.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡൻറ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.

കേരളത്തിൽ മൂന്നു തവണ മന്ത്രിയായി. 2 തവണ എംപിയും 5 തവണ എംഎൽഎയുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തിൽ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു.