ഡി.കെ ഭയക്കുന്ന കേരളത്തിലെ വള്ളിയങ്കാവ് ദേവി ക്ഷേത്രം, കർണ്ണാടകത്തിൽ ഭരണം മാറ്റുന്ന കേരളത്തിലെ ക്ഷേത്രം

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എത്തിയത് വലിയ ചർച്ചയായി. എന്നാൽ ഈ പൂജകൾ നടന്നത് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ അല്ലെന്നും മറ്റൊരു ക്ഷേത്രത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജരാജേശ്വരി ക്ഷേത്രത്തിൽ അല്ലെങ്കിൽ മൃഗബലി വിവാദം പിന്നെ ഉലയ്ക്കുന്ന മറ്റൊരു ക്ഷേത്രമാണ് ഇടുക്കിയിലെ വള്ളിയങ്കാവ് ദേവി ക്ഷേത്രം. ഇവിടെയാണ് യദിയൂരപ്പ 41 എം.എൽ എമാരുമായെത്തി പൂജ നടത്തി കർണ്ണാടക ഭരണം നേടിയെടുത്തത്. കർണാടകകാർക്ക് വിശ്വാസമുള്ള കേരളത്തിലെ മറ്റൊരു ക്ഷേത്രമാണ് ഇത്.

വള്ളിയങ്കാവ് ദേവി ക്ഷേത്രം വനത്തിനുള്ളിൽ ആണ് സ്ഥിതിചെയ്യുന്നത് . കോട്ടയം. ചങ്ങനാശ്ശേരി, കുമളി എന്നിവിടങ്ങളിൽ നിന്ന് മുണ്ടക്കയത്തിന് അടുത്ത് മുപ്പത്തിയഞ്ചാം മൈലിൽ നിന്ന് നാല് കിലോമീറ്റർ കുമളി വഴിയിൽ സഞ്ചരിച്ചാൽ വലത് ഭാഗത്തേക്ക് റബ്ബർ എസ്‌റ്റേറ്റിന് നടുവിലൂടെയുള്ള പാതയിലൂടെ ക്ഷേത്രത്തിലെത്താവുന്നതാണ്.

ശത്രുദോഷം, ആഭിചാരം, രോഗങ്ങൾ, മാനസികബുദ്ധിമുട്ടുകൾ എന്നിവയാൽ കഷ്ടപ്പെടുന്നവരുടെ അവസാന ആശ്രയമാണ് വള്ളിയങ്കാവിലമ്മ. അമ്മയുടെ ചൈതന്യത്തെ കുറിച്ചറിയാത്തവർ വിരളമായിരിക്കും. വനവിഭവങ്ങൾ നേദിച്ചും ആട്,കോഴി എന്നവയെ ബലിയർപ്പിച്ചും ആരാധിക്കുന്ന ചൈതന്യമാണ് അമ്മ. വനവാസികൾ അവരുടെ ആചാരപ്രകാരം പൂജിച്ചുവരുന്നതാണ് ദേവിയെ.

വള്ളിയങ്കാവ് ഭഗവതിയെ കുറിച്ചുള്ള ഐതിഹ്യത്തിന് ഏറെ പഴക്കമുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് ഒരിക്കൽ ദേവി ഇപ്പോൾ ശബരില അയ്യപ്പന്റെ പൂങ്കാവനമായ പതിനെട്ടു മലകളിലൊന്നായ പാഞ്ചാലിമേട്ടിലാണത്രേ താമസിച്ചിരുന്നത്. അന്ന് അവിടുത്തെ വനവാസികളാണ് അവരെ സഹായിച്ചുവന്നത്. അജ്ഞാതവാസാരംഭകാലത്ത് വനവാസികളോട് യാത്ര പറഞ്ഞുകൊണ്ട്; നന്ദിസൂചകമായി പാണ്ഡവർ ആരാധിച്ച ദുർഗ്ഗാദേവിയുടെ വിഗ്രഹം കാട്ടുമൂപ്പന് പാരിതോഷികമായി കൊടുത്തു. ”ഈ ദേവിയെ നിങ്ങൾ ഭക്തിപൂർവ്വം ആരാധിക്കുക. ദേവി നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രദാനം ചെയ്യും.”

പാണ്ഡവർ വനവാസികളോട് നിർദ്ദേശിച്ചു. പിന്നീട് വനവാസികൾ അവരുടേതായ ആചാരപ്രകാരം ദേവിയെ പൂജിച്ചുവരികയും ദേവി വനദുർഗയായി അറിയപ്പെടുകയും ചെയ്തു. കാലാന്തരത്തിൽ ആ സ്ഥലം താമസയോഗ്യമല്ലാതായി. ഇതോടെ വനവാസികൾ കുടിയൊഴിഞ്ഞു. അപ്പോൾ പാഞ്ചാലിമേട്ടിൽ നിന്നും ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്തേക്ക് ദേവി കാട്ടുവള്ളിയിൽ ആടിവന്ന് കുടികൊണ്ടുവെന്നാണ് ഐതീഹ്യം. അങ്ങനെ പ്രദേശത്തിന് ‘വള്ളിയാടിക്കാവ്’ എന്നും പിന്നീട് ലോപിച്ച് ‘വള്ളിയങ്കാവ്’ എന്നും അറിയപ്പെട്ടു.