ഹെലികോപ്റ്റർ അപകടം; ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും മരണത്തിന് കീഴടങ്ങി

ബെംഗളൂരു: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മരണത്തിന് കീഴടങ്ങി. വ്യോമ സേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുളളവർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്. ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായിട്ടാണ് ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.  തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത വിടവാങ്ങൽ.

ധീരതയ്‌ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര് ചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്. വ്യോമ സേനയിൽ വിങ് കമാൻഡറായ വരുൺ സിംഗ് 2020 ഒക്ടോബർ 12 തേജസ് യുദ്ധ വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് അദ്ദേഹം ശൗര്യചക്രയ്‌ക്ക് അർഹനായത്.