ഒളിച്ചോടില്ല,ആന എന്ന് പറഞ്ഞാല്‍ ചേന എന്ന് കേള്‍ക്കുകയുമില്ല, തോമസ് ഐസക്കിന് മറുപടിയുമായി വിഡി സതീശന്‍

ഊരാളുങ്കല്‍ സംവാദത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞിരിക്കുകയാണ് വിഡി സതീശന്‍.എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുക തന്നെ ചെയ്യും. ഒളിച്ചോടില്ല.ആന എന്ന് പറഞ്ഞാല്‍ ചേന എന്ന് കേള്‍ക്കുകയുമില്ലെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,ഊരാളുങ്കല്‍ സംവാദത്തില്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണ്ടും fb പോസ്റ്റുമായി എത്തി. ഞാന്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുക തന്നെ ചെയ്യും. ഒളിച്ചോടില്ല.ആന എന്ന് പറഞ്ഞാല്‍ ചേന എന്ന് കേള്‍ക്കുകയുമില്ല.

1.അഡ്വാന്‍സിംഗ് റൂള്‍ അതോറിറ്റി ക്വാസി ജുഡീഷ്യല്‍ ഫോറമാണ്. സര്‍ക്കാരിന് ഇടപെടാന്‍ പറ്റില്ല.സതീശന്‍ ഇപ്പോള്‍ അഭിപ്രായം മാറ്റി. ഉത്തരം: അതോറിറ്റിയുടെ മാത്രമല്ല,ഒരു ജി എസ് ടി ഓഫീസറുടെ അസസ്‌മെന്റില്‍ പോലും ഇടപെടാന്‍ പറ്റില്ല.അപ്പീല്‍ പോകണം.അതാണ് സര്‍ക്കാര്‍ ഇടപെടല്‍.ഇവിടെ ഊരാളുങ്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അവരെക്കാളും വാശിയോടെ അവര്‍ക്ക് വേണ്ടി നില്‍ക്കുന്നു.

2. ഇത് സതീശനാണ് എഴുതിയതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.ഉത്തരം:ഞാന്‍ പേഴ്‌സണല്‍ സ്റ്റാഫിനെ കൊണ്ട് fb പോസ്റ്റ് എഴുതിക്കാറില്ല.ഐസക്ക് അങ്ങിനെ ചെയ്യുന്നതു കൊണ്ടാണ് ജിഎസ്ടി പിരിച്ചാല്‍ പകുതിപ്പണം കേന്ദ്രത്തിന് പോകും.അത് കൊണ്ട് നികുതി പിരിക്കണ്ട എന്നെഴുതിയത്.ആ നയമാണ് സര്‍ക്കാരിന്റേതെങ്കില്‍ പൊതുമരാമത്ത് വകുപ്പിലെ ഉള്‍പ്പെടെ വര്‍ക്ക്‌സ് കോണ്‍ട്രാക്റ്റിന് ജി എസ് ടി പിരിക്കരുത്.കാരണം വര്‍ക്കിലെ ജി എസ് ടി കൊടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. പകുതി പണം പോകുന്നത് കേന്ദ്രത്തിലേക്കുമാണ്.

3.pure service എന്താണ് എന്ന് അദ്ദേഹം വിശദമാക്കുന്നു.ഊരാളുങ്കലിന് നികുതി ഒഴിവാക്കിയത് സാധനങ്ങള്‍ സപ്ലൈ ചെയ്യാതെ സംസ്‌ക്കാരിക വകുപ്പില്‍ ട്രെയിനിംഗ് കൊടുക്കുന്നതിനാണ് സര്‍വ്വീസ് കരാര്‍.ഉത്തരം:ഊരാളുങ്കല്‍ ലേബര്‍ കോണ്‍ ട്രാക്ടിംഗ് സൊസൈറ്റി കലാകാരന്മാര്‍ക്ക് ട്രെയിനിംഗ് വരെ കൊടുക്കുന്ന ഇത്ര വലിയ സ്ഥാപനമാണെന്ന് ഞാനറിഞ്ഞിരുന്നില്ല.പക്ഷെ അവര്‍ കൊടുത്ത ജി എസ് ടി പ്രൊഫൈല്‍ നമ്പറില്‍ ഇത്തരം ഒരു സര്‍വ്വീസ് നല്‍കുന്ന കാര്യം അവര്‍ പറഞ്ഞിട്ടില്ല.ആ രേഖ ഞാന്‍ വേണമെങ്കില്‍ ഹാജരാക്കാം.

4.16 കോടിയുടെ ക്രാഫ്റ്റ് വില്ലേജെന്ന് പറഞ്ഞു.ശരിക്കും 3 കോടിയുടെ’കലാകാരന്മാര്‍ക്കുള്ള ട്രെയിനിംഗ്’ മാത്രമേയുള്ളൂ.ഉത്തരം:ഇത് ഞാനാണോ ആദ്യം പറഞ്ഞത്. അങ്ങ് അങ്ങയുടെ തന്നെ പോസ്റ്റ് വായിച്ചു നോക്കണം.ഊരാളുങ്കല്‍ വടകരയിലും വെള്ളാറിലും ഉണ്ടാക്കിയ ക്രാഫ്റ്റ് വില്ലേജ് പോയിക്കാണണം.അത് അവര്‍ നടത്തുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തനമാണ് എന്നാണ് ഉദാഹരിച്ചിരുന്നത്.ഇപ്പോള്‍ പറയുന്നു ഈ സാംസ്‌ക്കാരിക പ്രവര്‍ത്തനം നേരത്തെ തുടങ്ങിയതാണ്.അത് ഇപ്പോഴത്തെ അതോറിറ്റി ഉത്തരവില്‍ വരില്ലത്രെ.സാംസ്‌ക്കാരിക വകുപ്പ് സാംസ്‌കാരിക പ്രവര്‍ത്തനം നടത്താന്‍ ഊരാളുങ്കലിന് കൊടുത്ത വര്‍ക്ക് ഓര്‍ഡര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ദയവു ചെയ്ത് അങ്ങ് തയ്യാറാകണം.