ആനക്കയം ജല വൈദ്യുത പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചുനീക്കരുത്; മുഖ്യമന്ത്രിയോട് വിഡി സതീശന്‍ എംഎല്‍എ

വാഴച്ചാല്‍ ഡിവിഷനിലെ ആനക്കയം ഭാഗത്ത് ജല വൈദ്യുത പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചുനീക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് വിഡി സതീശന്‍ എംഎല്‍എ. ഇവിടെ തുരങ്കം നിര്‍മ്മിക്കാനുള്ള നീക്കവും ഉപേക്ഷിക്കണം. ജൈവ വൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകള്‍ വനം നശിപ്പിച്ചും തുരങ്കം നിര്‍മ്മിച്ചും തകര്‍ക്കരുത്. കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, പ്രത്യേകിച്ച് മലയിടിച്ചിലും ഉരുള്‍ പൊട്ടലുകളും ഇനിയും നമ്മുടെ കണ്ണുതുറപ്പിച്ചില്ലെങ്കില്‍ ദുരന്തങ്ങളെ നാം ക്ഷണിച്ചു വരുത്തുക എന്നതായിരിക്കും അതിനര്‍ത്ഥമെന്നും വിഡി സതീശന്‍ പറഞ്ഞു.

2006 ല്‍ പാസ്സാക്കിയ വനാവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമായിരിക്കും അവിടെ നടക്കുന്നത്. നിയമപ്രകാരം അധികാരവും ചുമതലയുമുള്ള ഊരുകൂട്ടങ്ങളെ അറിയിച്ചിട്ടില്ല. ഊരുകൂട്ടം ചേര്‍ന്ന് രേഖാമൂലം വിസമ്മതം അറിയിച്ചിട്ടുണ്ട്. ആനക്കയം ജലവൈദ്യുത പദ്ധതിയുടെ എസ്റ്റിമേറ്റ് പരിശോധിച്ചാല്‍ അത് വഴി ലഭ്യമാകുന്ന വൈദ്യുതിക്ക് വന്‍ വില ഈടാക്കേണ്ടിവരും എന്ന് ബോധ്യമാകും. പിന്നെയെന്തിനാണ് കൂടുതല്‍ പാരിസ്ഥിതിക ജാഗ്രത കാണിക്കേണ്ട ഈ സമയത്ത് വനനശീകരണത്തിനും ദുരന്തസാധ്യതകള്‍ക്കും വേണ്ടി സര്‍ക്കാര്‍ തന്നെ വാതിലുകള്‍ തുറക്കുന്നത് എന്നും വിഡി സതീശന്‍ ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്‍ പ്രതികരിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബഹു. മുഖ്യമന്ത്രിക്ക്,
വളരെ പ്രധാനപ്പെട്ട ഒരു വിഷയം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു.
വാഴച്ചാൽ ഡിവിഷനിലെ ആനക്കയം ഭാഗത്ത് ജല വൈദ്യുത പദ്ധതിക്ക് വേണ്ടി 20 ഏക്കർ നിബിഢ വനം മുറിച്ചു മാറ്റാനുള്ള സർക്കാർ നിർദ്ദേശം പിൻവലിക്കണം. ഇവിടെ തുരങ്കം നിർമ്മിക്കാനുള്ള നീക്കവും ഉപേക്ഷിക്കണം.
1. ജൈവ വൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകൾ വനം നശിപ്പിച്ചും തുരങ്കം നിർമ്മിച്ചും തകർക്കരുത്.
2. കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, പ്രത്യേകിച്ച് മലയിടിച്ചിലും ഉരുൾ പൊട്ടലുകളും ഇനിയും നമ്മുടെ കണ്ണുതുറപ്പിച്ചില്ലെങ്കിൽ ദുരന്തങ്ങളെ നാം ക്ഷണിച്ചു വരുത്തുക എന്നതായിരിക്കും അതിനർത്ഥം.
3. പശ്ചിമഘട്ട മലനിരയിൽ 3.65 മീറ്റർ വ്യാസത്തിൽ 5167 മീറ്റർ നീളത്തിൽ തുരങ്കം നിർമ്മിക്കാനുള്ള നീക്കം പരിസ്ഥിതി ലോലമായ ഈ പ്രദേശത്തിന്റെ സർവ്വനാശത്തിന് വഴി തെളിക്കും.
4. 2006 ൽ പാസ്സാക്കിയ വനാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമായിരിക്കും അവിടെ നടക്കുന്നത്. നിയമപ്രകാരം അധികാരവും ചുമതലയുമുള്ള ഊരുകൂട്ടങ്ങളെ അറിയിച്ചിട്ടില്ല. ഊരുകൂട്ടം ചേർന്ന് രേഖാമൂലം വിസമ്മതം അറിയിച്ചിട്ടുണ്ട്.
5. ആനക്കയം ജലവൈദ്യുത പദ്ധതിയുടെ എസ്റ്റിമേറ്റ് പരിശോധിച്ചാൽ അത് വഴി ലഭ്യമാകുന്ന വൈദ്യുതിക്ക് വൻ വില ഈടാക്കേണ്ടിവരും എന്ന് ബോധ്യമാകും. പിന്നെയെന്തിനാണ് കൂടുതൽ പാരിസ്ഥിതിക ജാഗ്രത കാണിക്കേണ്ട ഈ സമയത്ത് വനനശീകരണത്തിനും ദുരന്തസാധ്യതകൾക്കും വേണ്ടി സർക്കാർ തന്നെ വാതിലുകൾ തുറക്കുന്നത്?
ഉചിതമായ നടപടികൾ ഇക്കാര്യത്തിൽ താങ്കൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ
വി.ഡി.സതീശൻ എം എൽ എ