വി ഡി സതീശൻ ആര്‍.എസ്.എസിനോട് വോട്ട് ചോദിച്ചു.

 

2001ലും 2006 ലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആര്‍.എസ്.എസ് നേതാവിനോട് രഹസ്യമായി കണ്ടു വോട്ട് ചോദിച്ചതായി ഹിന്ദു ഹൈക്യവേദി നേതാവ് ആര്‍ വി ബാബുവിന്റെ വെളിപ്പെടുത്തൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണവുമായി രംഗത്ത് വന്ന ഹിന്ദു ഹൈക്യവേദി നേതാവ് ആര്‍ വി ബാബു. 2001ലും 2006 ലും സതീശന്‍ ആര്‍എസ്എസിനോട് വോട്ട് ചോദിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അത് കള്ളമാണ്. സതീശന്‍ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയാണ്. ആര്‍ വി ബാബു പറഞ്ഞു.

സതീശന്‍ ആദര്‍ശത്തിന്റെ പൊയ്മുഖം അണിയുകയാണ്. പറവൂരിലെ പരിപാടിയില്‍ ക്ഷണിച്ചിട്ടാണ് സതീശൻ വന്നത്. വി ഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം കളവാണെങ്കില്‍ നിയമ നടപടി സ്വീകരിക്കാനും ആര്‍ വി ബാബു ആവശ്യപ്പെട്ടു. ഒരു ഫ്യൂഡല്‍ മാടമ്പിയെ പോലെ സതീശന്‍ സംവാദങ്ങളില്‍ നിന്ന് പിന്മാറുകയാണ്. അദ്ദേഹത്തിന്റെ സ്ഥാപിത താത്പര്യങ്ങളെ എതിര്‍ത്തു തുടങ്ങിയപ്പോള്‍ സംഘ പരിവാര്‍ ശത്രുക്കളായി മാറി.

ചെറുപ്പം മുതല്‍ ആര്‍എസ്എസിനോട് പടവെട്ടിയാണ് വളര്‍ന്നതെന്ന സതീശന്റെ പ്രസ്താവന പരിഹാസ്യമാണെന്നും ആര്‍വി ബാബു പറഞ്ഞു. തന്റെ മോശം പശ്ചാത്തലം എന്താണെന്ന് പറയണം. സ്വപ്ന സുരേഷിന്റെ പശ്ചാത്തലം നല്ലത് ആയതിനാലാണോ സതീശന്‍ മറുപടി നല്‍കുന്നത്. സരിതയുടെ പശ്ചാത്തലം മനസിലാക്കിയാണോ അദ്ദേഹം പ്രതികരിച്ചതെന്നും ആര്‍ വി ബാബു ചോദിച്ചു.