തനിക്കെതിരെ ചങ്ങനാശേരിയിലെ പ്രതിഷേധത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമെന്ന് വി ഡി സതീശന്‍

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന അല്ലെന്നാവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പോഷക സംഘടനയെന്ന സ്‌റ്റേറ്റസ് എല്ല ഐഎന്‍ടിയുസിക്കുള്ളതെന്ന് വി ഡി സതീശന്‍ വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്നതില്‍ തര്‍ക്കമില്ല. അവിഭാജ്യഘടകവും പോഷകസംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ല. ഐഎന്‍ടിയുസിയുടെ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ആലോചിച്ച ശേഷമാണ് താന്‍ ഐഎന്‍ടിയുസി വിഷയത്തില്‍ നിലപാടെടുത്തതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

ചങ്ങനാശേരിയിലെ ഐഎന്‍ടിയുസി പ്രതിഷേധത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമാണെന്ന് പ്രതിപക്ഷ ന്താവ് ആരോപിച്ചു. യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന മാണി സി കാപ്പന്റെ പരാതിയിലും പ്രതിപക്ഷ നേതാവ് നിലപാടറിയിച്ചു. മാണി സി കാപ്പനുമായി താന്‍ സംസാരിച്ചെന്നും അടുത്ത ദിവസം തന്നെ മാണി സി കാപ്പനെ നേരില്‍ കണ്ട് അദ്ദേഹത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തിനെതിരെയാണ് ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്നായിരുന്നു ദേശീയ തൊഴിലാളി പണിമുടക്കിലെ പ്രതികരണമായി പ്രതിപക്ഷ നേതാവ് പറഞ്ഞത്. കോണ്‍ഗ്രസ് പറയുന്നത് സംഘടന കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎന്‍ടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ഐഎന്‍ടിയുസിയില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ കൂടുതല്‍ ഉണ്ടെന്നത് വസ്തുതയാണ്. പക്ഷേ അവര്‍ കൂടി പങ്കാളികളായ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി. കോണ്‍ഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയന്‍ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.