എ, ഐ ഗ്രൂപ്പുകള്‍ക്ക് നിലനില്‍പ് ഭീഷണി; തനിക്ക് ഗ്രൂപ്പുണ്ടാകില്ലെന്ന് വിഡി സതീശന്റെ പ്രഖ്യാപനം പാരയാകും

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ചരിത്രത്തിലാദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് തനിക്ക് ഗ്രൂപ്പുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ടി വന്നാൽ താൻ പദവികളിലുണ്ടാകില്ലെന്ന സതീശന്റെ പ്രഖ്യാപനം ഗ്രൂപ്പുകളെ കൊണ്ട് പൊറുതി മുട്ടിയ അണികൾക്ക് ആവേശമായിരിക്കുകയാണ്. തന്റെ പേരിൽ ഗ്രൂപ്പുണ്ടാകില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രഖ്യാപനം പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാരെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ഇപ്പോഴും കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗവും ഗ്രൂപ്പ് രഹിതരാണ്. ഗ്രൂപ്പിന്റെ ശക്തമായ വക്താക്കളായി അറിയപ്പെട്ടിരുന്ന ഷാഫി പറമ്പിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിസി വിഷ്ണുനാഥ്, സണ്ണി ജോസഫ് പോലുള്ളവർ പോലും ഗ്രൂപ്പിനതീതമായി പാർട്ടി മുന്നോട്ടുപോകണമെന്ന അഭിപ്രായക്കാരായി മാറിക്കഴിഞ്ഞു. ആദ്യം പാർട്ടി, പിന്നെ ആവശ്യമെങ്കിൽ മാത്രം ഗ്രൂപ്പെന്നതാണ് എംഎൽഎമാരുടെ നിലപാട്. കേരളപ്പിറവിക്കു ശേഷമുള്ള സംസ്ഥാനത്തെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന പിടി ചാക്കോ മുതൽ തൊട്ടു മുൻപത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെയുള്ളവരൊക്കെ ശക്തമായ ഗ്രൂപ്പുകളിലെ പ്രമുഖരായിരുന്നു. എന്നാൽ വിഡി സതീശൻ പ്രതിപക്ഷ നേതാവായതുതന്നെ തുടർച്ചയായ പരാജയങ്ങളിൽ ഗ്രൂപ്പുകൾക്കെതിരായ വികാരത്തിന്റെ പേരിൽ കോൺഗ്രസ് എംഎൽഎമാരുടെ ശക്തമായ പിന്തുണയോടെയായിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഗ്രൂപ്പ് യോഗം ചേർന്നെന്ന നിലയിൽ പാർട്ടിയിൽ ചില രാഷ്ട്രീയ നാടകങ്ങളും അതിനു മാധ്യമ വ്യാപക പ്രചരണവും ഉണ്ടായതാണ് സതീശനെ ചൊടിപ്പിച്ചത്. രണ്ട് ചോദ്യങ്ങളായിരുന്നു അതിലൂടെ പ്രമുഖ ഗ്രൂപ്പ് എടുത്തു കാണിച്ചത്. ഒന്ന്, ഗ്രൂപ്പ് രഹിതനായ പ്രതിപക്ഷ നേതാവായ വിഡി സതീശൻ തന്റെ ഓഫീസിൽ ഗ്രൂപ്പ് യോഗം ചേർന്നതായി പ്രചരിപ്പിച്ച് സതീശന്റെ ജനപിന്തുണ നശിപ്പിക്കുക. രണ്ട്, സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രണ്ട് ചേരിയിലാണെന്ന് ബോധ്യപ്പെടുത്തുക. രണ്ടും വിജയം കണ്ടു.

ഇതിലൂടെ സ്വന്തം ഗ്രൂപ്പിലെ ചോർച്ച തടയാമെന്നും പ്രസിഡന്റിന്റെ ഒപ്പം കൂടി ഗ്രൂപ്പ് താൽപര്യങ്ങൾ.സംരക്ഷിക്കാമെന്നും പ്രമുഖ ഗ്രൂപ്പ് ലക്ഷ്യം വച്ചു. സ്ഥാനങ്ങൾ നഷ്ടപ്പെട്ട ചിലരാണ് പാർട്ടിയിലെ നിലവിലെ വ്യാജ പ്രചരണങ്ങൾക്ക് പിന്നിലെന്ന സതീശന്റെ പ്രസ്താവന രമേശ് ചെന്നിത്തലയെ ലക്ഷ്യം വച്ചാണെന്ന് വ്യക്തമായതോടെ ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഐ ഗ്രൂപ്പാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പിന്റെ കാര്യത്തിലുള്ള തന്റെ മുൻ നിലപാട് വിഡി സതീശൻ വീണ്ടും ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്.

എക്കാലവും ഗ്രൂപ്പ് രഹിതനായിരിക്കുമെന്ന നിലപാട് ആശയക്കുഴപ്പത്തിനിടയില്ലാത്ത വിധം സതീശൻ ആവർത്തിച്ചതോടെ പാർട്ടിയിലെ ഗ്രൂപ്പ് വക്താക്കൾക്ക് ഇത് തിരിച്ചടിയാകും. ഇപ്പോൾ തന്നെ പാർട്ടിയെ നന്നാക്കാൻ ചിലർ അനുവദിക്കില്ലെന്ന പ്രചാരണം സോഷ്യൽ മിഡിയയിലെ കോൺഗ്രസ് ഗ്രൂപ്പുകളിൽ സജീവമാണ്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരാണ് ഇത്തരം പ്രതികരണങ്ങൾ വരും ദിവസങ്ങളിൽ പ്രവർത്തകർക്കിടയിൽ ഗ്രൂപ്പ് വിരുദ്ധ വികാരം കൂടുതൽ വ്യാപകമായാൽ അത് ഇരു നേതാക്കൾക്കും തിരിച്ചടിയാകും.