ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ലഭിച്ച വാഹനങ്ങള്‍ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ല, പിഴ ചുമത്താമെന്ന് ഹൈക്കോടതി

കൊച്ചി. സ്‌റ്റേജ് കാര്യേജായി ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ലഭിച്ച വാഹനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും കോടതി വ്യക്തമാക്കി. എംവിഡി പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

റോബിന്‍ ബസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വലിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് സ്റ്റേജ് കാര്യേജായി ഉപയോഗിക്കാന്‍ ചട്ടമുണ്ടെന്നാണ് നേരത്തെ വാദം ഉയര്‍ന്നത്. ബസ് പിടിച്ചെടുക്കരുതെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസ് നടത്തിയത്. സമാന സാമാന സാഹചര്യത്തില്‍ കൊല്ലത്തെ പുഞ്ചിരി ബസ് ഉടമകളും കോടതിയെ സമീപിച്ചിരുന്നു.

വിഷയത്തില്‍ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. 50 ശതമാനം പിഴ ഉടനെ അടയ്ക്കണമെന്നും ബാക്കി തുക കേസ് തീര്‍പ്പാകുന്ന മുറയ്ക്ക് അടച്ചാല്‍ മതിയെന്നുമാണ് കോടതി പറഞ്ഞത്. മറ്റു ബസുകള്‍ക്കും ഉത്തരവ് ബാധകമാവും.