ഓണസമ്മാന വിവാദ൦; അജിത തങ്കപ്പനെതിരെയുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ്

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെയുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി വിജിലൻസ്. കൗണ്‍സിലര്‍മാരായ ഓരോ അംഗങ്ങള്‍ക്കും ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും ചെയര്‍ ചെയർപേഴ്സൺ അജിത തങ്കപ്പന്‍ നല്‍കിയെന്നാണ് ആരോപണം. ചെയർപേഴ്സനെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.

ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്നത് വ്യക്തമെന്ന് വിജിലൻസ് കണ്ടെത്തി. നഗരസഭ അധ്യക്ഷ നൽകിയത് പണമാണെന്ന് കൗൺസിലർമാർ മൊഴി നൽകിയെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ട്. ആവശ്യമെങ്കിൽ അജിത തങ്കപ്പന്റെ മൊഴി രേഖപ്പെടുത്താമെന്നും വിജിലൻസ്.

നഗരസഭ അദ്ധ്യക്ഷയുടെ മുറി തുറക്കാൻ അനുവദിക്കരുതെന്ന് വിജിലൻസ് ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം സെക്രട്ടറി ക്യാബിൻ സീൽ ചെയ്തിരുന്നു. തന്‍റെ സാന്നിദ്ധ്യത്തിൽ വിജിലൻസ് മുറി തുറന്ന് പരിശോധിച്ചാൽ തടയില്ലെന്നാണ് അജിത തങ്കപ്പനും വ്യക്തമാക്കിയിട്ടുള്ളത്. തുടർച്ചയായ അവധി ദിവസങ്ങൾക്ക് ശേഷം നഗരസഭ ഓഫീസ് തുറക്കുന്ന കാര്യങ്ങളിൽ തുടർനടപടികളും ഇന്ന് ഉണ്ടാകും.