തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ നടൻ വിജയ്‌യുടെ ആരാധക സംഘടനയും

ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടന്‍ വിജയ്‌യുടെ ആരാധകരുടെ സംഘടന. ഒമ്ബത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് ഒക്ടോബര്‍ ആറ്, ഒമ്ബത് തീയതികളില്‍ നടക്കുന്നത്. ഇതില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കി.

അംഗങ്ങള്‍ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങള്‍ സ്വന്തം നിലയില്‍ എന്ന വിധം മത്സരിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോള്‍. കോലമാവ് കോകില’യും ‘ഡോക്ടറും’ ഒരുക്കിയ നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് സംവിധാനം. ‘സര്‍ക്കാരി’നു ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രം കൂടിയാണിത്. ജോര്‍ജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.