5000 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് ഓഫീസർ അറസ്റ്റിൽ , പിടിയിലായതിന് പിന്നാലെ പൊട്ടിക്കരച്ചിൽ

തൃശൂർ : 5000 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ തൃശൂർ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. ടി അയ്യപ്പനാണ് പിടിയിലായത്. ഒരു വർഷത്തോളമായി പരാതിക്കാരൻ ആർ ഒ ആർ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു.

പട്ടാമ്പി പൂവത്തിങ്ങൾ അബ്‌ദുള്ള കുട്ടിയാണ് അയ്യപ്പനെതിരെ വിജിലൻസിൽ പരാതി നൽകിയത്. അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള സ്ഥലത്തിന്റെ ആർ ഒ ആർ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനായി 5000രൂപയാണ് വില്ലേജ് അസിസ്റ്റന്റ് ടി അയ്യപ്പൻ ആവശ്യപ്പെട്ടത്.

ഇതോടെ മറ്റുനിവർത്തിയില്ലാതെ അബ്ദുള്ളകുട്ടി വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഫിനോൾഫ്‌തലിൻ പുരട്ടി നൽകിയ നോട്ടാണ് അബ്ദുള്ളക്കുട്ടി അയ്യപ്പന് നൽകിയത്. അയ്യപ്പൻ പണം വാങ്ങിയ സമയത്ത് വിജിലൻസ് സംഘവും അവിടെയെത്തി. ഇയാളെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. പിന്നാലെ പ്രതി പൊട്ടിക്കരയുകയായിരുന്നു.