വന്‍ താരനിര ഉണ്ടായിട്ടും വലിയ നഷ്ടമായി, വലിയ കടബാധ്യതയുണ്ടായി, മനസ് തുറന്ന് വിനയന്‍

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് വിനയന്‍. നിരവധി താരങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച സൂപ്പര്‍ ഹിറ്റ് സംവിധായകന്‍. ഇപ്പോള്‍ ആദ്യമായി തന്റെ ഒരു വലിയ സിനിമയുടെ പരാജയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹം. സുരേഷ് ഗോപി, ശോഭന, സോമന്‍ തുടങ്ങിയ വന്‍ താര നിര ഉണ്ടായിട്ടും പരാജയമായി സിനിമയെ കുറിച്ചാണ് വിനയന്‍ മനസ് തുറന്നത്. വന്‍ താരനിര ഉണ്ടായിട്ടും ചിത്രം തനിക്ക് കടബാധ്യതയാണ് വരുത്തി വെച്ചതെന്ന് വിനയന്‍ പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.
വിനയന്റെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ സിനിമ സംവിധാനം ചെയ്യും മുന്‍പേ ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. ‘ആലിലക്കുരുവികള്‍’ എന്നായിരുന്നു സിനിമയുടെ പേര്. എം.ജി സോമന്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയ വലിയ താരനിര തന്നെ ആ സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ എനിക്ക് വലിയ നഷ്ടമുണ്ടാക്കി തന്ന സിനിമയാണ് അത്. നിര്‍മ്മിച്ച ആദ്യ സിനിമ തന്നെ വലിയ കടബാധ്യതകള്‍ വരുത്തിവച്ചു.’
‘ഇലക്ട്രിസിറ്റി ഓഫീസിലെ ജോലി കളഞ്ഞിട്ടായിരുന്നു ഞാന്‍ സിനിമാ പിടുത്തവുമായി ഇറങ്ങിയത്. അതുകൊണ്ട് ഫാമിലിയില്‍ നിന്നൊക്കെ വലിയ എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ ആദ്യ സിനിമ നിര്‍മ്മിച്ചതിന്റെ ക്ഷീണം എനിക്ക് പിന്നീട് മാറി കിട്ടി. ഞാന്‍ ചെയ്ത ‘ശിപായി ലഹള’, ‘കല്യാണസൗഗന്ധികം’ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായതോടെ എന്റെ തലവര മാറി. അതില്‍ ‘കല്യാണസൗഗന്ധികം’ ഞാന്‍ നിര്‍മ്മിച്ച സിനിമ കൂടിയായിരുന്നു. അത് എനിക്ക് വലിയ ലാഭം നേടി തന്ന സിനിമയാണ്’.