മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു;അന്ത്യം ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ

മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കോവിഡിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 67 വയസുള്ള ദുവ ആരോഗ്യ സ്ഥിതി മോശമായതിനെതുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

നാല് പതിറ്റാണ്ടിലേറെ കാലം വിനോദ് ദുവ മാധ്യമ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. മകൾ മല്ലിക ദുവയാണ് വിനോദ് ദുവയുടെ വിയോഗം സമോഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്. 42 വർഷത്തോളം പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്നു വിനോദ് ദുവ.ദൂരദർശനിലും എൻഡി ടിവി. സഹാറ ടിവി, സീ തുടങ്ങിയ നിരവധി മാധ്യമ സ്ഥാപനങ്ങളിൽ വിനോദ് ദുവ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. 2008ൽ പത്മശ്രീ നേടിയ വിനോദ് ദുവ 1996ൽ രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം നേടുന്ന ആദ്യ ദൃശ്യമാധ്യമ പ്രവർത്തകനാണ്. 2017ൽ മുംബൈ പ്രസ് ക്ലബിന്റെ റെഡിങ്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.