ആദ്യ കണ്‍മണിക്ക് പേരിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍, പേര് സൂപ്പര്‍ എന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ ചിത്രം ഹിറ്റായി. നാദിര്‍ഷ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് വിഷ്ണവും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. വിഷ്ണുവിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം ആയിരുന്നു വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്. ഐശ്വര്യ ആണ് നടന്റെ ഭാര്യ.

ഇരുവരുടെയും വിവാഹ റസപ്ഷന് നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഭാര്യ ഗര്‍ഭിണിയാണെന്നുള്ള വിവരം നടന്‍ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരോട് പങ്കുവെച്ചത്. ആദ്യ കണ്‍മണിക്കുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്നും ഐശ്വര്യക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ കുറിച്ചിരുന്നു. കാത്തിരുപ്പുകള്‍ക്ക് അവസാനം കഴിഞ്ഞ മാസം നടന് ആണ്‍ കുഞ്ഞ് പിറന്നു. ഇക്കാര്യവും വിഷ്ണു തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഇപ്പോള്‍ മകനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ പങ്കുവെച്ച പുതിയ പോസ്റ്റും സോഷ്യല്‍ ലോകത്ത് വൈറല്‍ ആയി മാറിയിരിക്കുകയാണ്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് കഴിഞ്ഞതിന്റെ സന്തോഷമാണ് നടന്‍ മകനും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് പങ്കുവെച്ചിരിക്കുന്നത്. താരം മാധവ് എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്.

അതേസമയം ബിഗ് ബ്രദറാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിനയിച്ചത്. മൂന്ന് സിനിമകള്‍ക്ക് വേണ്ടി വിഷ്ണുവും ബിബിനും തിരക്കഥ ഒരുക്കിയിട്ടുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷന് പുറമെ അമര്‍ അക്ബര്‍ അന്തോണി, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളുടെ തിരക്കഥയും ഇവരാണ് ഒരുക്കിയത്. ബിബിന്‍ ജോര്‍ജും അഭിനയത്തില്‍ സജീവമാണ് ഇപ്പോള്‍.