വിഴിഞ്ഞം സമരപ്പന്തല്‍ പൊളിക്കില്ലെന്ന് സമരസമിതി

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപത നിര്‍മ്മിച്ച സമരപ്പന്തല്‍ പൊളിച്ച് നീക്കില്ലെന്ന് സമരസമിതി. തുറമുഖ നിര്‍മ്മാണത്തിനെതിരെ നടത്തുന്ന സമരത്തിന്റെ പന്തല്‍ ഉടന്‍ പൊളിച്ച് നീക്കണമെന്ന് സമരസമിതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സമരക്കാര്‍ പൊതുവഴി കയ്യേറിയിട്ടില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍ പ്രതികരിച്ചു.

ഹൈക്കോടതി വിധി പരിശോധിച്ച് വരുകയാണെന്നും. അദാനി ഗ്രൂപ്പാണ് പൊതുവഴി കയ്യേറിയതെന്നും മോണ്‍ പറയുന്നു. കോടതി വിധി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മോണ്‍ പറഞ്ഞു. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മ്മാണ് സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സമരപ്പന്തല്‍ ഉടന്‍ പൊളിച്ച് നീക്കണമെന്ന് സമരസമിതിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തെരുതെന്ന് കാട്ടി ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സമരപ്പന്തല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തടസ്സമാണെന്ന് കാട്ടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്.

സംരക്ഷണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും ഒരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ലെന്നും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിയായിട്ടാണ് അദാനി ഗ്രൂപ്പ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അത്തരം പ്രശ്നം ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞുവെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സമരപ്പന്തല്‍ നിര്‍മാണത്തിന് തടസ്സം ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കി.