ഞാൻ അമ്മയുടെ ഉറ്റതോഴി, ‘ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല, ആരോപണം നിഷേധിച്ച് ശശികല

ജയലളിതയുടെ മരണത്തില്‍ പ്രതിക്കൂട്ടിലായതോടെ,ശശികല പ്രതിരോധത്തില്‍. പിന്നാലെ വിശദീകരണവുമായ് തോഴി രംഗത്ത്. ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ശശികല തള്ളി. ജയലളിതയുടേത് സ്വാഭാവിക മരണമല്ല,കൊലപാതകമെന്ന റിപ്പോര്‍ട്ടില്‍ ശശികലയ്ക്ക് കുരുക്ക് മുറുകി കഴിഞ്ഞു. പിടിച്ച് നില്‍ക്കാന്‍ വേറെ വഴിയൊന്നും ഇല്ലാതായ ശശികല അടവുകള്‍ പലതും പുറത്തെടുക്കുകയാണ്. തോഴിയുടെ തനനിറം ഏതാണ്ട് പുറത്ത് വന്നുകഴിഞ്ഞു. ജയലളിത ആശുപത്രിയിലായത് മുതല്‍ അവരുടെ മരണം വരെ നടന്ന കാര്യങ്ങളിലൊക്കെ ദുരൂഹത നിഴലിച്ചിരുന്നു. അന്നേ ശശികല പ്രതിക്കൂട്ടിലായിരുന്നു.

ശശികലയുെ പ്രതികരണം ഇങ്ങനെ.. ജയലളിതയുടെ മരണത്തില്‍ കുറ്റക്കാരിയാണെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിയ ശശികല, ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മൂന്നു പേജുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. സൗഹൃദത്തിന്റെ മാതൃകയായിരുന്നു താനും ജയലളിതയുമെന്നും, തങ്ങളെ വേര്‍പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നതായും ശശികല പറഞ്ഞു.

”ജയലളിതയെ രാഷ്ട്രീയമായി നേരിടാന്‍ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നോക്കിനില്‍ക്കുന്നവരുടെയും നീചമായ നിലപാടിനെ ഇനി ആരും പിന്തുണക്കില്ല. അമ്മ(ജയലളിത)യുടെ മരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ല. ഈ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ മെഡിസിന്‍ പഠിച്ചിട്ടില്ല. ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കല്‍ സംഘമാണ്. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാന്‍ തടസ്സം നിന്നിട്ടില്ല.’- ശശികല പറഞ്ഞു.

ജയലളിതിയുടെ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തില്‍, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണതെന്നാണ് ശശികലയുടെ വിശദീകരണം. ലോകനിലവാരമുള്ള ഡോക്ടര്‍മാരാണ് അവിടെയുള്ളത്. ജയലളിത നേരത്തെയും അവിടെയാണ് ചികിത്സ തേടിയത്. എയിംസില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശപ്രകാരമാണ് ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം വേണ്ടെന്നു തീരുമാനിച്ചതെന്നും ശശികല വിശദീകരിച്ചു.

ജയലളിതയുടെ മരണത്തില്‍ വി.കെ.ശശികല ഉള്‍പ്പെടെ 4 പേര്‍ കുറ്റക്കാരെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. അന്നത്തെ ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍, ശശികലയുടെ ബന്ധു കൂടിയായ ഡോ. കെ.എസ്.ശിവകുമാര്‍, ആരോഗ്യ സെക്രട്ടറിയായിരുന്ന ഡോ. ജെ.രാധാകൃഷ്ണന്‍ എന്നിവരാണു മറ്റു 3 പേര്‍. ചികിത്സാ നടപടിക്കായി സര്‍ക്കാരിനെ അറിയിക്കാതെ 21 രേഖകളില്‍ ഒപ്പിട്ട അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹന റാവുവിനെതിരെ ക്രിമിനല്‍ നടപടി ശുപാര്‍ശ ചെയ്തു. മറ്റു 2 ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണത്തിനു ശുപാര്‍ശയുണ്ട്.

2017 ഓഗസ്റ്റില്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് ഇന്നലെയാണ് തമിഴ്‌നാട് നിയമസഭയില്‍ സമര്‍പ്പിച്ചത്.ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് 2016 സെപ്റ്റംബര്‍ 22നാണു ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 74 ദിവസത്തിനു ശേഷം ഡിസംബര്‍ അഞ്ചിനു രാത്രി 11.30നു ജയ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, തെളിവുകള്‍പ്രകാരം തലേന്ന് ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കുമിടയ്ക്കു മരണം സംഭവിച്ചിരിക്കാമെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസില്‍നിന്നെത്തിയ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ നവംബര്‍ 25ന് ആശുപത്രിയില്‍ ജയയെ പരിശോധിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയ വേണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം ജയ അംഗീകരിക്കുകയും െചയ്തു. എന്നാല്‍, പിന്നീട് യുകെയില്‍നിന്നുള്ള മറ്റൊരു വിദഗ്ധനെത്തി പരിശോധിക്കുകയും ശസ്ത്രക്രിയ ആവശ്യമില്ലെന്നു നിര്‍ദേശിക്കുകയുമായിരുന്നു. ഈ ഇടപെടല്‍ സംശയാസ്പദമാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് 2012ല്‍ ശശികലയെ പാര്‍ട്ടിയില്‍നിന്നും ജയയുടെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍നിന്നും പുറത്താക്കിയിരുന്നു. പിന്നീട് രമ്യതയിലായി മടങ്ങിയെത്തിയെങ്കിലും ബന്ധത്തില്‍ തുടര്‍ന്നും ഉലച്ചിലുകളുണ്ടായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.