വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ. റായ്ബറേലി സീറ്റ് നിലനിർത്താനും പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാനും പ്രവർത്തക സമിതി രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.

ഏതെങ്കിലും ഒരു മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് രാജി സമർപ്പിക്കാനുള്ള അന്തിമ തിയതി നാളെയാണ്. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനം ഉണ്ടാകും. രണ്ടു മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതു മണ്ഡലം നിലനിർത്തും എന്നതിൽ , വിജയിച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റി,14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം.വയനാട് മണ്ഡലം സന്ദർശിച്ച രാഹുൽ , ഏത് മണ്ഡലം ഒഴിയണമെന്നതിൽ ധര്‍മസങ്കടം ആണെന്ന് വ്യക്തമാക്കിയിരുന്നു.ഉത്തരേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകത കൂടി കണക്കിലെടുത്താണ് തീരുമാനം . 17 സീറ്റിൽ യുപിയിൽ മത്സരിച്ച കോൺഗ്രസ്, ആറ് സീറ്റിൽ വിജയിച്ചിരുന്നു. ഏഴു കേന്ദ്രമന്ത്രിമാരെ തോൽപ്പിച്ച് ഇൻഡ്യ സഖ്യം യുപിയിൽ മികച്ച വിജയം തേടിയതോടെ സംസ്ഥാനത്തെ പാർട്ടി പുനരുജ്‌ജീവിക്കാനാണ് രാഹുലിന്‍റെ ശ്രമം.

വയനാട് രാജിവച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ആറു മാസം വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിൽ സമയമുണ്ട്. വയനാട് ഒഴിവ് വന്നാൽ പ്രിയങ്കയ്ക്കാണ് മുൻ‌തൂക്കം .പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വയനാട് സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ തടയാമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. കേരളത്തിൽ നിന്ന് വനിതാ എം.പി ഇല്ലെന്ന പരാതിയും അവസാനിക്കും. പാർലമെന്‍ററി രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാട് പ്രിയങ്ക ഉപേക്ഷിക്കും എന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശ്വാസം. പ്രിയങ്ക അവസാന നിമിഷം സമ്മതിക്കും എന്ന വിശ്വാസത്തിലാണ് രാജി വൈകുന്നത്.