പ്രതിഷേധമിരമ്പിയപ്പോൾ, അപലപിച്ചു കൊണ്ട് മുഖ്യമന്ത്രിയെത്തി.

തിരുവനന്തപുരം. വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ അക്രമം നടത്തിയതിനെതിരെ വ്യാപകകമായ പ്രതിഷേങ്ങൾ ഉയർന്നതോടെ, പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആസൂത്രിതമായ അക്രമമാണ് വെള്ളിയാഴ്ച ഹർത്താലിനിടെ നടന്നത്. അക്രമികളിൽ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല – മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ.

‘പോപ്പുലർ ഫ്രണ്ട് നേതൃത്വം കൊടുത്തുകൊണ്ടുള്ള നടപടികളാണ് ഇന്നലെയുണ്ടായത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടൽ അവരുടെ ഭാഗത്തു നിന്നുണ്ടായി. ഒരുപാട് നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്ന രീതിയിലായിരുന്നു അത്. ഒരുപാടു പേർക്ക് പരിക്ക് പറ്റി. ഡോക്‌ടർമാർക്ക് പോലും പരിക്ക് പറ്റുന്ന അവസ്ഥയാണുണ്ടായത്. കേരളത്തിൽ അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. പൊലീസ് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ കരുത്തുറ്റ നടപടികൾ ഇനി സ്വീകരിക്കാനിരിക്കുകയാണ്’ മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, കേരളത്തിൽ എല്ലാ വർഗീയതയ്ക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം കുടപിടിച്ചു കൊടുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തിയത്. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും സർക്കാരും സിപിഎമ്മും കേരളത്തിൽ ഒരു പോലെ പ്രോത്സാഹിപ്പിക്കുകയാണ് – വി.ഡി. സതീശൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമമാണ് സംസ്ഥാനത്ത് നടന്നത്. ഇത് അപലപനീയമാണ്. പൊലീസിന്റെ അസാന്നിധ്യം അക്രമങ്ങൾക്ക് കാരണമായി. പലയിടത്തും പൊലീസ് ഇല്ലായിരുന്നു. വിസ്മയമുളവാക്കിയ നിസ്സംഗതയാണ് പൊലീസ് ഹർത്താലിൽ കാണിച്ചത്. അക്രമ ഹർത്താലിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് അത്ഭുതകരം. അദ്ദേഹത്തിന്റെ വർഗീയ വിരുദ്ധ നിലപാട് കപടമാണ് എന്നും പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി.