കൊവിഡിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ‘മാജിക് ബുള്ളറ്റ്’ അല്ല വാക്‌സിനെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ‘മാജിക് ബുള്ളറ്റ്’ അല്ല വാക്‌സിനെന്ന് ലോകാരോഗ്യ സംഘടന. കുതിച്ചുയരുന്ന കൊവിഡ് കേസുകളെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ വാക്‌സിന്‍ പുറത്തിറക്കാന്‍ മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മുടെ പക്കലുള്ള ടൂള്‍ കിറ്റിലെ ശക്തമായ ആയുധമാകും വാക്‌സിനേഷന്‍. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അമേരിക്കയിലുള്‍പ്പെടെ കൊവിഡ് വീണ്ടും കുത്തനെ കൂടുകയാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയില്ല ‘ഡബ്ല്യൂ എച്ച് ഒ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. വാക്‌സിന്‍ പുരോഗതിയെ’തുരങ്കത്തിന്റെ അറ്റത്തുക്കാണുന്ന പ്രകാശം’ എന്നാണ് ഡബ്ല്യൂ എച്ച് ഒ തലവന്‍ ടെഡ്രോസ് അഡനോം വിശേഷിപ്പിച്ചത്. മഹാമാരി അവസാനിച്ചെന്ന ധാരണക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

51 വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചതായും ഇതില്‍ 13 എണ്ണം മനുഷ്യരിലെ വ്യാപക പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണെന്നും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി. ഫൈസര്‍ വാക്‌സിന്‍ പൊതുജനങ്ങളില്‍ കുത്തിവയ്ക്കാന്‍ അനുമതി നല്‍കിയതോടെ പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിനേഷന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടണ്‍. യു.എസില്‍ ഈ മാസം അവസാനത്തോടെ വാക്‌സിനെത്തുമെന്നാണ് പ്രതീക്ഷ. ബെല്‍ജിയം, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ വാക്‌സിന്റെ അടിയന്തിര ഉപയോഗം അടുത്തമാസം ആരംഭിക്കാനാണ് പദ്ധതി.