കടം കയറി മുടിഞ്ഞു കിടക്കുമ്പോഴും എന്തിനീ ധൂർത്ത് – കെ സുരേന്ദ്രൻ

കൊച്ചി. കെ എസ് ആർ ടി സിയിൽ ഡീസൽ അടിക്കാൻ കാശില്ലാതെ നൂറുകണക്കിന്‌ സർവ്വീസുകൾ മുടങ്ങുന്നു. ജീവനക്കാർക്ക് ശമ്പളവുമില്ല പെൻഷനുമില്ല. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. ഇനിയുമുണ്ട് ഒരായിരം ജനങ്ങളുടെ പരാതികൾ. അപ്പോഴും മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

സംസ്ഥാനത്ത് 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന മനസ്സാക്ഷിയില്ലാത്തവരാണ് ഈ സർക്കാരെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സുരേന്ദ്രൻ വിമർശിച്ചു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ :

‘എങ്ങോട്ടാണീ പായുന്നത്? എന്തിനാണീ പായുന്നത്? കടം കയറി മുടിഞ്ഞു കിടക്കുമ്പോഴും എന്തിനീ ധൂർത്ത്. തകരുകയാണ് കേരളം. തകർത്തുകഴിഞ്ഞു നിങ്ങളീ കേരളത്തെ. വികസനമുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയുമല്ലാതെ എന്താണ് നിങ്ങൾക്ക് അവകാശപ്പെടാനുള്ളത്? ജനങ്ങൾ ആശ്രയിക്കുന്ന കെ. എസ്. ആർ. ടി. സിയിൽ ഡീസൽ അടിക്കാൻ കാശില്ലാതെ നൂറുകണക്കിന്‌ സർവ്വീസുകൾ മുടങ്ങുന്നു. ജീവനക്കാർക്ക് ശമ്പളവുമില്ല പെൻഷനുമില്ല. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. ഇനിയുമുണ്ട് ഒരായിരം ജനങ്ങളുടെ പരാതികൾ. അപ്പോഴും മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ല.പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന മനസ്സാക്ഷിയില്ലാ ത്തവർ.

പുര കത്തുമ്പോൾ വാഴ വെട്ടുന്ന കരിങ്കാലികൾ. താടിക്കു തീപിടിക്കുമ്പോഴും ബീഡി കത്തിക്കുന്ന വിപ്ളവവായാടികൾ’, പോസ്റ്റിൽ സുരേന്ദ്രൻ പറഞ്ഞു. വ്യാഴാഴ്ചയായി രുന്നു വാഹനം വാങ്ങാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയത്. 32.22 ലക്ഷം രൂപ വരുന്ന വാഹനമാണ് ഇന്നോവ ക്രിസ്റ്റ. വാഹനങ്ങൾ വാങ്ങുന്നതിനായി 3,22,20,000 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മന്ത്രിമാർ അവർ ഉപയോഗിച്ചു വരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നൽകണം. അതേസമയം സർക്കാർ കനത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനത്തെ ധനകാര്യ വകുപ്പ് എതിർത്തിരുന്നു.