ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും, അടിസ്ഥാന സൗകര്യവികസനത്തിന് തുക വകയിരുത്തി

ന്യൂഡൽഹി : ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങൾ. ഈ രംഗത്ത് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
ലക്ഷദ്വീപ് ഉൾപ്പെടെയുള്ള രാജ്യത്തെ ദ്വീപുകളുടെ വികസനത്തിനായി പ്രത്യേക സഹായങ്ങൾ നൽകും. ലക്ഷദ്വീപിലെ ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും.

കടൽ- വിമാന മാർഗങ്ങളിലൂടെയാണ് ലക്ഷദ്വീപിലേക്ക് സഞ്ചാരികളെത്തുന്നത്. അതിനാൽ തുറമുഖമേഖലയിലെ വികസനത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകും. സഞ്ചാരികൾക്ക് മികച്ച സഞ്ചാരാനുഭവം നൽകുന്നതിനായി ഇൗ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. 11 ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
വന്ദേഭാരത് അടക്കം കൂടുതല്‍ ട്രെയിനുകളും റെയില്‍ ഇടനാഴികളും കൂടുതല്‍ മെഡിക്കല്‍ കോളജുകളും അനുവദിക്കും. അതേസമയം പ്രത്യക്ഷ, പരോക്ഷ നികുതികളില്‍ മാറ്റമില്ലാതെയാണ് ഇത്തവണത്തെ ബജറ്റ് അവതരണം.

ഇടക്കാല ബജറ്റിൽ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സഹിപ്പിക്കുമെന്ന് പരാമർശിച്ചത് മാലദ്വീപിനുള്ള പരോക്ഷ മറുപടിയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്.