ബന്ധു പീഡിപ്പിക്കുമ്പോള്‍ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ അമ്മ വായ പൊത്തിപ്പിടിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കണ്ണൂരിലെ സഹോദരികള്‍

കണ്ണൂര്‍: ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ കുറിച്ച് പറയുമ്പോഴും ക്രൂരതകള്‍ക്കും പൈശാചികതയ്ക്കും യാതൊരു കുറവും ഇല്ല. ദിനംപ്രതി ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് എത്തുന്നത്. പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാവുന്ന മോശം പെരുമാറ്റങ്ങള്‍ക്കും പീഡനത്തിനും കുറവില്ല. കണ്ണൂരില്‍ നിന്നും പുറത്തെത്തിയ അമ്മയുടെ ഒത്താശയോടെയുള്ള പീഡന വാര്‍ത്തയും അത്തരത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോള്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ നടത്തിയ വെളിപ്പെടുത്തലാണ് മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിക്കുന്നത്.

ബന്ധു ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ അമ്മ വായ പൊത്തിപ്പിടിക്കുമായിരുന്നു എന്നാണ് ഒരു പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പീഡന വിവരം പുറം ലോകം അറിയാതിരിക്കാനായി അമ്മ പല ശ്രമങ്ങളും നടത്തിയെന്ന് പെണ്‍കുട്ടി പറഞ്ഞു. പീഡനത്തിനിരയായ ഇരു സഹോദരിമാരും ഹോസ്റ്റലില്‍ ആണ് താമസിച്ച് പഠിക്കുന്നവരാണ്. അവധി സമയം അമ്മയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ക്രൂരമായ പീഡനം കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത്.

ഇളയ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയം അമ്മയുടെ മുന്നില്‍ വെച്ച് പ്രതി ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അന്ന് നിലവിളിച്ച് കരഞ്ഞപ്പോള്‍ അമ്മ വായ പൊത്തി പിടിച്ചു എന്നാണ് കുട്ടി വെളിപ്പെടുത്തിയത്. പേടിയായതിനാല്‍ സംഭവം കുട്ടി ആരോടും പറഞ്ഞില്ല. മൂന്നാഴ്ചകള്‍ക്ക് മുമ്പ് പ്ലസ്ടുവിന് പഠിക്കുന്ന മൂത്ത സഹോദരിയെയും പ്രതി ലൈംഗികമായി ഉപദ്രവിച്ചു. സഹോദരി അനുജത്തിയോട് ചോദിച്ചപ്പോഴാണ് തനിക്കും സമാന അനുഭവം പ്രതിയില്‍ നിന്നും ഉണ്ടായതായി പറഞ്ഞത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് സ്ത്രീ. കഴിഞ്ഞ ആറ് മാസമായി ഭര്‍ത്താവിന്റെ ഒരു ബന്ധു ഇവര്‍ക്കൊപ്പം കഴിയുകയാണ്. അമ്മയുടെയും ബന്ധുവിന്റെയും അമ്മയുടെയും പക്കല്‍ നിന്നും രക്ഷപ്പെടാനായി കുട്ടികള്‍ പീഡന വിവരം ഫോണില്‍ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. അച്ഛന്‍ കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് അമ്മയേയും 52കാരനെയും പോക്‌സോ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.