നിലമ്പൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം. നിലമ്പൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ സ്വദേശിനി സുൽഫത്തിനെയാണ് ബുധനാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുൽഫത്തിന്റെ ബന്ധുവായ സക്കീർ ഹുസൈൻ പോലീസിൽ പരാതി നൽകി.

സുൽഫത്തിന്റെ ഭർത്താവ് ഷമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മമ്പാടിനടുത്ത് പൊങ്ങല്ലൂരിലെ ഭർതൃവീട്ടിലാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുൽഫത്ത് തൂങ്ങിമരിച്ചെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചത്. മരണ വിവരമറിഞ്ഞ് നാട്ടുകാർ എത്തുമ്പോൾ സുൽഫത്തിന്റെ മൃതദേഹം നിലത്തു കിടത്തിയ നിലയിലായിരുന്നു.

പുലർച്ചെ വീട്ടിൽ നിന്നു ബഹളം കേട്ടിരുന്നെങ്കിലും ഇതു പതിവായതിനാൽ നാട്ടുകാർ ആദ്യം കാര്യമാക്കിയില്ല. പിന്നീടാണ് മരണ വിവരം പുറത്തായത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തും. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.