രണ്ട് പെണ്‍മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു

കണ്ണൂര്‍: കോവിഡ് കാലത്തും ബ്ലേഡ് മാഫിയകളുടെ തട്ടിപ്പും കൊള്ള പലിശയും ഭീഷണിയും ഒക്കെ തുടരുകയാണ്.പലരും ജീവന്‍ അവസാനിപ്പിക്കുന്നതില്‍ വരെ ഇത്തരം ബ്ലേഡ് മാഫിയകളുടെ ഭീഷണി തുടരുന്നു. കോവിഡും ലോക്ക്ഡൗണും ഒക്കെയായതോടെ ഇത്തരക്കാരുടെ ഭീഷണി കൂടുതലാണ്.പലിശക്ക് പണം എടുത്ത പലര്‍ക്കും കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ തിരികെ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്.ഇത്തരത്തില്‍ ബ്ലേഡ് മാഫിയകളുടെ ഭീഷണിയാണ് പയ്യാവൂരില്‍ രണ്ട് പെണ്‍ മക്കള്‍ക്കും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരണത്തിന് കീഴടങ്ങി.പൊന്നും പറമ്പില്‍ സ്വപ്ന അനീഷ് ആണ് മരിച്ചത്.സ്വപ്‌നയുടെ ഇളയ കുട്ടി അന്‍സില(3)കഴിഞ്ഞ ദിവസം മരണത്തിന് കീഴടങങ്ങിയിരുന്നു. 11 വയസുള്ള മൂത്ത കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് വിവരം.സ്വപ്‌നയുടെ ഭര്‍ത്താവ് ഇസ്രയേലിലാണ് ഉള്ളത്.പയ്യാവൂരില്‍ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു യുവതി.ഓഗസ്റ്റ് 27ന് രാത്രി ആണ് സ്വപ്‌ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സിലയ്ക്കും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊടുത്ത ശേഷം ജീവന്‍ ഒടുക്കാന്‍ ശ്രമം നടത്തിയത്.പിറ്റേന്ന് ഇളയമകളായ അന്‍സിലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെ വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു.മക്കളയെും സ്വപ്‌നയെയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.യുവതിയും മൂത്ത കുട്ടിയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.