കാര്‍ ഓടിക്കവേ ബോധം നഷ്ടമായി, ചില്ലു പൊട്ടിച്ച് പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ വീട്ടമ്മയ്ക്ക് ദാരുണ മരണം

റാന്നി: കാര്‍ ഓടിച്ചു പോകുന്നതിനിടെ കുഴഞ്ഞുവീണു ബോധം നഷ്ടപ്പെട്ട അധ്യാപിക മരണപ്പെട്ടു. കാര്‍ ഓടിക്കുന്നതിനിടെ ബോധം നഷ്ടപ്പെട്ട സ്ത്രീയെ ചില്ലുപൊട്ടിച്ച് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാന്നി പെരുനാട് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക എസ് ലേഖയാണ് (53) മരിച്ചത്. ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പെരുനാട് മഠത്തുംമൂഴി അഞ്ചടിയില്‍ പരേതനായ സുനിലിന്റെ ഭാര്യയാണ്

കാര്‍ ഓടിച്ചു സ്‌കൂളിലേക്കു പോകുന്നതിനിടെ ഇന്നലെ രാവിലെ 10ന് മഠത്തുംമൂഴി കൊച്ചുപാലം ജംഗ്ഷന് സമീപമാണ് സംഭവം. കാര്‍ ഓടിച്ച് വീട്ടില്‍ നിന്നിറങ്ങി 500 മീറ്ററോളം പിന്നിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. മണ്ണാരക്കുളഞ്ഞി-പമ്പ റോഡില്‍ നിന്ന് പെരുനാട് റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് അസ്വസ്ഥത നേരിട്ടത്. റോഡിന്റെ ഇടതുവശം തോടാണ്. വലതു വശത്തെ ഗേറ്റിന്റെ മതിലില്‍ ഇടിച്ചാണ് കാര്‍ നിര്‍ത്തിയത്.

വ്യാപാരികളും മറ്റും ഓടിയെത്തിയപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നു ചില്ല് പൊട്ടിച്ച് കാര്‍ തുറന്ന് അധ്യാപികയെ പുറത്തിറക്കി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: അഞ്ജലി (ദുബായ്), അരവിന്ദ് (കേരള ബാങ്ക്, റാന്നി). മരുമകന്‍: വിഷ്ണുനാഥ് (ദുബായ്). സംസ്‌കാരം പിന്നീട്.