ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ എത്തി തുടങ്ങി, അമേരിക്കന്‍ പ്രസിഡന്റ് വ്യാഴാഴ്ച എത്തും

ന്യൂഡല്‍ഹി. ജി 20 സമ്മേളനത്തിനായി ഒരുങ്ങി രാജ്യ തലസ്ഥാനം. കനത്ത സുരക്ഷയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ 40 ലോക നേതാക്കളാണ് പങ്കെടുക്കുന്നത്. അതേസമയം ജി 20 സമ്മേളനത്തിനായി ലോക നേതാക്കള്‍ എത്തി തുടങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഡല്‍ഹിയിയില്‍ എത്തും. നാല് ദിവസമാണ് അദ്ദേഹം ഇന്ത്യയില്‍ തുടരുന്നത്.

പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് എന്നിവര്‍ വ്യാഴാഴ്ച എത്തും. ജി 20 സമ്മേളനത്തിലേക്ക് അംഗരാജ്യങ്ങള്‍ക്ക് പുറമെ സൗഹൃദ രാഷ്ട്രങ്ങളെയും ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ജി 20 യോഗത്തില്‍ റക്ഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു. ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാമിദിര്‍ സെലന്‍സ്‌കിയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല.

അതേസമയം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ജി 20 യോഗത്തില്‍ ലോകം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ എത്തി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഉഭയക്ഷി ചര്‍ച്ച വെള്ളിയാഴ്ച നടക്കുമെന്നാണ് വിവരം.