വസുധൈവകുടുംബകത്തിന്റെ ചൈതന്യത്തിൽ ലോകം ഒരുമിച്ച് മുന്നേറുന്നു, ജി20 ഉച്ചകോടി ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ജഗ്ദീപ് ധൻകർ

ന്യൂഡൽഹി. വസുധൈവകുടുംബകത്തിന്റെ ചൈതന്യത്തിൽ ലോകം ഒരുമിച്ച് മുന്നേറുകയാണ്, ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. ലോകമെമ്പാടുമുള്ള വിശിഷ്ട നേതാക്കളുമായി സംവദിച്ചതിൽ സന്തോഷമുണ്ടെന്നും വസുധൈവകുടുംബകത്തിന്റെ ചൈതന്യത്തിൽ ലോകം ഒരുമിച്ച് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ലോകനേതാക്കളുമായി ഇടപഴകുന്ന ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ബ്രിട്ടൺ പ്രധാനമന്ത്രി ഋഷി സുനക്ക് എന്നിവരടൊപ്പമുള്ള ചിത്രങ്ങളാണ് ഉപരാഷ്‌ട്രപതി പങ്കുവെച്ചത്.

ചരിത്രപരമായ ഈ ഉച്ചകോടി ഭാരതീയ സംസ്‌കാരത്തിലും ധാർമ്മികതയിലും നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെന്നും മനുഷ്യരാശി നേരിടുന്ന പൊതുപ്രശ്നങ്ങൾക്ക് ലോക നേതാക്കൾക്കിടയിൽ സമവായം ഉണ്ടാക്കിയത് എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയുടെ വിജയത്തിനും നടത്തിപ്പിനും പിന്നിൽ പ്രവർത്തിച്ച ഭാരതത്തിന്റെ നേതൃത്വത്തിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നതായി അദ്ദേഹം മുൻപ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു.