ഇന്ന് അന്താരാഷ്ട്രാ യോഗാ ദിനം, വിപുലമായ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍

കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുന്ന മനസ്സിനെ നിയന്ത്രിക്കുന്നത് എങ്ങനെ ? അതിനു ഭാരതത്തിലെ യോഗീവര്യന്മാര്‍ കണ്ടെത്തിയ ഉത്തരമാണ് യോഗ .
ശരീരമാണ് മനസ്സിന്റെ അടിത്തറ , ഇവ പരസ്പരം ബന്ധപ്പെട്ടവയുമാണ്. ഒന്ന് മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു . ശരീരം, പ്രാണന്‍, മനസ്സ് എന്നീ മൂന്നു ഭാവങ്ങളെ ആധാരമാക്കിയാണ് ഒരു വ്യക്തിയുടെ നിലനില്‍പ്പുതന്നെ. ഇതില്‍ മനസ്സിനേക്കാള്‍ സ്ഥൂലമാണ് പ്രാണവായു. ശരീരം അതിലും സ്ഥൂലമാണ്.

സ്ഥൂലമായ ശരീരത്തിലൂടേയും സൂക്ഷ്മമായ പ്രാണനിലൂടേയും വേണം അതിസൂക്ഷ്മമായ , അദൃശ്യമായ മനസ്സിനെ നിയന്ത്രിക്കാന്‍.ഇവിടെയാണ് യോഗ ഒരു ചികിത്സയായി മാറുന്നത് . മറ്റൊന്നു കൂടിയുണ്ട് ശാരീരികവും ,ആത്മീയവും, മാനസികവുമായ തലങ്ങളിലൂടെ പ്രപഞ്ച ശക്തിയായ ഈശ്വരനിലേയ്ക്ക് അടുക്കുക എന്നതും യോഗയുടെ ലക്ഷ്യമാണ് . പത്മാസനസ്ഥനായി മനസും ഇന്ദ്രിയങ്ങളും ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ചാല്‍ ഭയസാഗരത്തെ കടക്കാമെന്ന് ഉപനിഷത്തുകള്‍ പറഞ്ഞിട്ടുണ്ട് . ആത്മജ്ഞാനത്തിന് മുന്‍പ് ബുദ്ധനും മഹാവീരനും യോഗാഭ്യാസങ്ങളോട് കൂടിയ തപസില്‍ മുഴുകിയതായി ചരിത്രവും പറയുന്നു .യോഗപരിശീലനത്തിന്റെ ഭാഗമായ ആസനങ്ങളും പ്രാണായാമങ്ങളും ധ്യാനരീതികളും ഇതരപാഠങ്ങളും ശാന്തരാകാന്‍ നമ്മെ സഹായിക്കുന്നു. ഇത് ക്രമേണ സ്ഥിരതയും സ്വസ്ഥതയും ശുഭാപ്തി വിശ്വാസവും വികസിപ്പിക്കുന്നു.

ആരോഗ്യമുള്ള ശരീരം, ആനന്ദം നിറഞ്ഞ മനസ്, ആരോഗ്യകരമായ സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയുടെ വികാസമാണ് യോഗ ലക്ഷ്യമാക്കുന്നത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ ആക്കം കുറയ്ക്കാന്‍ യോഗയ്ക്ക് സാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി നിര്‍ദേശിച്ചത്.ഇന്ന് ലോകം ഒന്നാകെ ഭാരതത്തിന്റെ ഋഷിവര്യന്മാര്‍ നിര്‍ദേശിച്ച ഈ വഴിയിലൂടെ നടക്കുന്നു . ലോകം ഒരുമിക്കുന്നു ,യോഗയിലേയ്ക്ക്

രാജ്യത്ത് വിപുലമായ പരിപാടികളാണ് യോഗാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത് .ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നടക്കുന്ന ഔദ്യോഗിക യോഗാ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം 30,000 പേര്‍ പങ്കെടുക്കും .

ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് മറ്റ് കേന്ദ്രമാര്‍ എന്നിവരും യോഗാ പരിപാടികളില്‍ പങ്കാളികളാകും .ഡല്‍ഹിയില്‍ നടക്കുന്ന യോഗാ ദിനത്തിനു ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ നേതൃത്വം നല്‍കും . ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അബുദാബി ഉം അല്‍ ഇമാറാത്ത് പാര്‍ക്കില്‍ സംഘടിപ്പിച്ച അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ വിവിധ രാജ്യക്കരായ ആയിരകണക്കിന് പേരാണ് പങ്കെടുത്തത്.