രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറി, സാമ്പത്തിക അടിത്തറ ശക്തമാവുകയാണെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലേക്ക് നേരത്തെ നിക്ഷേപകർ തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും, ഇന്ന് ഉത്തർപ്രദേശ് മാറ്റത്തിന്റെ പാതയിലാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാവുകയാണെന്ന് ആർബിഐയുടെയും നിതി ആയോഗിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം യുപിയാണ്. ആറ് വർഷം മുമ്പ് ആരും യുപിയിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ആഴ്ചയിൽ ആർബിഐയുടെയും നിതിയുടെയും റിപ്പോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറിയെന്നാണ് നിതി ആയോഗ് ഈ റിപ്പോർട്ടുകൾ പറയുന്നത്.’- യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം കേരളം പുതിയ ബാങ്ക് നിക്ഷേപങ്ങൾ സമാഹരിക്കുന്നതിൽ പിന്നിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ കണ്ടെത്തൽ. പദ്ധതികൾക്ക് വേണ്ട ശുപാർശകൾ ബാങ്കുകളിലെത്തുകയും അവ നടപ്പിലാക്കുന്നതിന് വേണ്ട വായ്പാ സഹായങ്ങൾ ബാങ്കുകൾ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ ബാങ്ക് സഹായങ്ങൾ ലഭിച്ച പദ്ധതികളുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ആർബിഐയുടെ റിപ്പോർട്ട് എത്തിയിരിക്കുന്നത്.

2022-23 കാലയളവിൽ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.. വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി എത്തിയിട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവുമധികം നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത് യുപി, മഹാരാഷ്‌ട്ര, ഒഡിഷ, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തെത്തിയ മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ കേരളം, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ നിക്ഷേപങ്ങൾ കുറവുള്ളത്. മാത്രവുമല്ല, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ചെറിയ പദ്ധതികളാണ് വരുന്നതെന്നും ഇതിനാലാണ് നിക്ഷേപങ്ങളുടെ കാര്യത്തിൽ പിന്നോട്ട് പോകുന്നതെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.