വെള്ളക്കെട്ടിന് പരിഹാരമില്ല ;കൊച്ചി മേയറെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: നഗരമധ്യത്തിൽ വെള്ളക്കെട്ട് പതിവായതോടെ മേയര്‍ അഡ്വ. എം അനില്‍കുമാറിനെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംഘം. ഒരു മണിക്കൂർ മഴ പെയ്താല്‍ പോലും കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇതിനു പുറമെ തെരുവുനായ വിഷയവും കൊതുകുശല്യവും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഈ പ്രശനങ്ങൾക്കൊന്നും പരിഹാരം കണ്ടെത്താൻ നഗരസഭയ്ക്ക് ആകുന്നില്ലായെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ ദിവസങ്ങളിലും കൊച്ചി നഗരത്തിൽ വെള്ളക്കെട്ടുണ്ടായി. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നതും നഷ്ട്ടം സംഭവിക്കുന്നതും തുടർക്കഥയാകുന്നു. എന്നാല്‍ ഈ അവസ്ഥയില്‍ പോലും ജനങ്ങള്‍ക്ക് വേണ്ട സഹായമെത്തിക്കാനുള്ള ശ്രമം മേയറുടെയോ മറ്റു കൗണ്‍സിലര്‍മാരുടെയോ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല.

ഒന്നുകില്‍ രാജി വെയ്ക്കണമെന്നും അല്ലെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതേ മേയര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നുവെന്നും, എന്നാല്‍ മേയറായതില്‍ പിന്നെ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സാധാരണ ജനങ്ങളുടെ വിഷയങ്ങള്‍ വിളിച്ചറിയിക്കാനാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.