തഴയപ്പെട്ടതോടെ രണ്ട് വര്‍ഷത്തെ നിയമപോരാട്ടം, സഹീര്‍ കാലടിക്ക് പറയാനുള്ളത്‌

മലപ്പുറം: വേറൊരു വഴിയും ഇല്ലാതായപ്പോഴാണ് മന്ത്രിസ്ഥാനം കെ.ടി.ജലീല്‍ രാജിവെച്ചത്. വൈകിയാണെങ്കിലും സത്യം വിജയിച്ച ആശ്വാസത്തിലാണ് നിയമന അട്ടിമറിക്കിരയായ ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി. നീണ്ടകാലം നടത്തിയ പോരാട്ടത്തിന് വൈകിയാണെങ്കിലും ഫലം കണ്ടു. അവഗണിക്കപ്പെട്ട യുവത്വത്തിന് വലിയൊരു ആശ്വാസമാണ് ജലീലിന്റെ രാജി. എല്ലാ വഴികളും അടഞ്ഞതോടെയാണ് ജലീല്‍ രാജിവെച്ചത്. ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. ഏറെ സന്തോഷമുള്ള ദിവസമാണിതെന്നും സഹീര്‍ പറഞ്ഞു.

2016 ല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സഹീര്‍ കാലടി അപേക്ഷ നല്‍കിയിരുന്നു. അന്ന് സഹീര്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോ ടെക്സിലെ ഫിനാന്‍സ് മാനേജരായിരുന്നു. നിഷ്‌കര്‍ഷിച്ച യോഗ്യതകളെല്ലാം തനിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി ജലീല്‍ പിന്നീട് അദീബിന് വേണ്ടി തസ്തികയുടെ യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നുമായിരുന്നു സഹീറിന്റെ പരാതി.

മാല്‍കൊ ടെക്‌സില്‍ 20 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെയാണ് സഹീര്‍ രാജിവെച്ചത്. സ്ഥാപനത്തിലെ അഴിമതികള്‍ ചൂണ്ടിക്കാണിച്ചതോടെ താന്‍ അധികൃതരുടെ കണ്ണിലെ കരടായി മാറിയെന്നും സഹീര്‍ പറഞ്ഞു. തനിക്ക് നീതി ലഭിക്കണമെന്നും മാല്‍കോ ടെക്‌സിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.