സീറ്റ് വിഭജന ചർച്ചക്കായി ഉമ്മൻ ചാണ്ടി ചെന്നൈയിലേക്ക്

അടുത്ത ആഴ്ച ആദ്യം ഡിഎംകെ നേതാക്കളുമായി സീറ്റ് ചർച്ചയ്ക്ക് ഉമ്മൻ ചാണ്ടി വീണ്ടും ചെന്നൈയിലെത്തും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, രൺദീപ് സിങ് സുർജേവാല, തമിഴ്‌നാട് പിസിസി അധ്യക്ഷൻ കെ.എസ് അളഗിരി എന്നിവരാണ് കഴിഞ്ഞ ദിവസം ഡിഎംകെ നേതൃത്വവുമായി ചർച്ച നടത്തിയത്. 54 സീറ്റ് വേണമെന്നു കോൺഗ്രസ് ആവശ്യപെട്ടെങ്കിലും 20 സീറ്റ് നൽകാമെന്നാണ് കനിമൊഴി, ദുരൈ മുരുകൻ, ടി.ആർ ബാലു എന്നിവരടങ്ങിയ ഡിഎംകെ പ്രതിനിധികൾ ചർച്ചയിൽ അറിയിച്ചത്.

2011ൽ ഡിഎംകെ സഖ്യത്തിൽ 63 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ കഴിഞ്ഞ തവണ 41 മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ്സിന് മത്സരിക്കാൻ കഴിഞ്ഞത്. ഇനിയും സീറ്റുകൾ വെട്ടിക്കുറയ്ക്കാനുള്ള ഡിഎംകെയുടെ നീക്കത്തെ ചെറുക്കാനാണ് ഉമ്മൻ ചാണ്ടിയെ പോലെ മുതിർന്ന നേതാവിനെ ചർച്ചയ്ക്ക് ഇറക്കിയുള്ള ഹൈക്കമാൻഡ് തന്ത്രം. അടുത്ത ആഴ്ച ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിനുമായി നേരിട്ട് ചർച്ച നടത്തി സീറ്റ് ധാരണയിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഡിഎംകെ സഖ്യത്തിൽ 30 സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിസിസി വൈസ് പ്രസിഡന്റ് റോബർട്ട് ബ്രൂസ് പറഞ്ഞു.