സോഷ്യല്‍ മീഡിയ- ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രം

ദില്ലി: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിയമമനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും സ്വയം നിയന്ത്രണ ബോര്‍ഡുകള്‍ പോലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നു.വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും നിയമന്ത്രി രവി ശങ്കര്‍ പ്രസാദും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

“ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും” ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കത്തെ നിരോധിക്കുന്ന മാര്‍ഗ്ഗങ്ങളും ഈ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം വാട്ട്‌സ്‌ആപ്പ്, സിഗ്നല്‍ എന്നിവ പോലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമുകളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍‌ക്രിപ്ഷന് വിരുദ്ധമായ പ്രമുഖ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നിയമങ്ങളും നിര്‍ബന്ധമാക്കുന്നുണ്ട്.

പുതിയ വെബ്സൈറ്റുകള്‍, ഒടിടി പ്ലാറ്റ്ഫോം എന്നിവയ്ക്ക് അടിസ്ഥാനപരമായ കോഡ് ഓഫ് എത്തികൊണ്ടുവരികയും പരാതി പരിഹരിക്കുന്നതിന് പ്രത്യേക ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് നിയമം കൊണ്ടുവരുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ത്രിതല നിയന്ത്രണ സംവിധാനമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. 13+ 16+ 18+ എന്നിങ്ങനെ ഉള്ളടക്കത്തെ വേര്‍തിരിക്കണമെന്നു കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. അതേ സമയം ഒടിടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ മാധ്യമങ്ങളും അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ നടപ്പിലാക്കാന്‍ പോകുന്നത് നിര്‍ബന്ധിത രജിസ്‌ട്രേഷനല്ല, വിവരങ്ങള്‍ അന്വേഷിക്കുക മാത്രമാണെന്നാണ് സര്‍ക്കാരിന്റെ വാദം.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജിമാരോ അത്തരത്തിലുള്ള പ്രമുഖ വ്യക്തികളോ നേതൃത്വം നല്‍കുന്ന സെല്‍ഫ്-റെഗുലേറ്റിംഗ് ബോഡി ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ടെലിവിഷനിലേതു പോലെ സ്വയം നിയന്ത്രണത്തിനുള്ള സംവിധാനം കൊണ്ടുവരാന്‍ നേരത്തെ പലതവണ ഒടിടി പ്ലാറ്റ്‌ഫോമുകളോട് പല തവണ ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കാതെ വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച്‌ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.