കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായി. ഇത് നശിപ്പിക്കാനുള്ള ടെൻഡർ അവസാന ഘട്ടത്തിലേക്കെത്തുമ്പോഴുള്ള ചിത്രമാണിത്.

സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന അരവണ ഏറ്റുമാനൂരിലെ ഇന്ത്യൻ സെൻട്രിഫ്യൂജ് കമ്പനിയിൽ എത്തിക്കും. ടിന്നുകൾ പൊട്ടിച്ച് അരവണ മാറ്റിയെടുക്കും. അതിനുശേഷം വളമാക്കും. ടെൻഡറിലെ ഏറ്റവും കുറഞ്ഞ തുക ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് കമ്പനിയുടേതായിരുന്നു.

ദേവസ്വംബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച മൂന്ന് കമ്പനികളെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അതിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് 1.89 കോടി രൂപയും അക്വേഷ്യാ വാട്ടർ സൊല്യൂഷൻസ് 1.76 കോടി രൂപയുമാണ് അരവണ നശിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഏറ്റവുംകുറച്ച തുക ആവശ്യപ്പെട്ട ഇന്ത്യൻ സെൻട്രിഫ്യൂജിന് നൽകുമെന്നാണ് വിവരം. മൂന്ന് കമ്പനികളുടേയും വിവരങ്ങൾ സർക്കാരിന് കൈമാറും.സർക്കാരാണ് അന്തിമ തീരുമാനം എടുക്കുക.