കണ്ണൂരിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു, പ്രതിയ്ക്കായി അന്വേഷണം

കണ്ണൂർ: മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്. ടെറസിലെ ഗ്രിൽസ് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, കോട്ടയം നഗര മധ്യത്തിൽ നിരവധി കടകളിൽ മോഷണം നടന്നു. മാർക്കറ്റ് ജംഗ്ഷനിലെ കെ.കെ റോഡ് അരികിലെ ആറ് കടകളിലാണ് കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെ മോഷണം നടന്നത്. മങ്കി ക്യാപ്പ് ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്ന് കടകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ഫാക്ടറി സെയിൽ, ഫാഷൻ പാർക്ക്, ഷെയ്ക്ക് മാജിക്, കൃഷ്ണ മെഡിക്കൽസ്, പെറ്റൽസ്, ഇ എം എംബ്രോയ്ഡറി വർക്ക്സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ താഴ് തകർത്താണ് കവർച്ച. ഓരോ കടകളിൽ നിന്നും 3000 മുതൽ 5000 രൂപ വരെയുള്ള പണമാണ് നഷ്ടപെട്ടിരിക്കുന്നത്.