10 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം തടവ്, ഒരു ലക്ഷം രൂപ പിഴയും

തൃശ്ശൂര്‍ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാടക്കത്തറ താണിക്കുടത്ത് വാഴപ്പിള്ളി വീട്ടില്‍ 46 വയസ്സുള്ള സജീവനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾ 10 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ. എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതന് നല്‍കണം. പിഴയടക്കാത്ത പക്ഷം 10 മാസം കൂടി അധികം തടവുശിക്ഷ അനുഭവിക്കണം. പോക്‌സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് ശിക്ഷ. മത്സ്യ വില്‍പന നടത്തുന്ന പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

2021 ഓണാവധിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022 മാര്‍ച്ച് 22 ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിയ്യൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സുബിന്‍ ആണ് എഫ്. ഐ. ആര്‍ . റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്. 13 സാക്ഷികളെയും 14 രേഖകളും തെളിവില്‍ ഹാജരാക്കിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്.