രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുന്നു; 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. ഒമിക്രോൺ വകഭേദത്തിന് ഡൽറ്റ വകഭേദത്തെക്കാൾ തീവ്രവ്യാപന ശേഷിയാണുള്ളത്. ഇതിനാൽ തന്നെ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

ഇന്ത്യയിലെ 19 സംസ്ഥാനങ്ങൾ ഹൈ-റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കാനും, ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കാനും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ശക്തമായി നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇതിനു പുറമെ, കൊറോണ രോഗികളുടെ എണ്ണത്തിലും നേരിയ വർദ്ധനവ് ചില സംസ്ഥാനങ്ങളിൽ കണ്ടുവരുന്നുണ്ട്. അതിനാൽ ഒരു വലിയ വ്യാപനത്തിലേയ്‌ക്ക് രാജ്യം വീണ്ടും കടക്കാതിരിക്കാൻ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

91 രാജ്യങ്ങളിലാണ് ഇതിനോടകം ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും വലിയ രീതിയിലുള്ള വ്യാപനത്തിലേയ്‌ക്ക് വൈറസ് എത്തിയിട്ടുണ്ട്. ഇന്ത്യയിൽ മൂന്നാം ഘട്ട വ്യാപനം തടയുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ സജ്ജീകരണങ്ങളും, പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജമാക്കിയിട്ടുണ്ടെന്നും ലാവ് അഗർവാൾ കൂട്ടിച്ചേർത്തു.