വിഴിഞ്ഞം തുറമുഖ സമരം നയിക്കുന്ന നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 11 കോടി എത്തി.

വിഴിഞ്ഞത്തെ സമരത്തിന് വിദേശ ഫണ്ട് എത്തുന്നുണ്ടെന്ന സംശയംബല പ്പെടുന്നു. വിഴിഞ്ഞം സമരനേതാവിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 11 കോടി വന്നുവെന്ന് റിപ്പോര്‍ട്ട. ഇന്റലിജന്‍സ് ബ്യൂറോ ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതായും പറയുന്നു. വിഴിഞ്ഞത്തെ പോര്‍ട്ട് ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ്. സമരത്തിനു പിന്നില്‍ ദുബായ്, ശ്രീലങ്ക, ചൈന രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിദേശ ലോബിയുണ്ടെന്നാ ആരോപണവും ഉണ്ട്. സമരത്തിന് ചുക്കാന്‍ പിടിക്കുന്ന ലത്തീന്‍ അതിരൂപതയ്ക്ക് പിന്നില്‍ വന്‍ശക്തികളെന്ന വിവരമാണ് ചര്‍ച്ചയായിരിക്കുന്നത്.

തുറമുഖസമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആളിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 11 കോടിയുടെ വിദേശഇടപാട് നടത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത് ഒരു മലയുയാള മാധ്യമമാണ്. ഇന്റലിജന്‍സ് ബ്യൂറോയും ഇതില്‍ വിവരങ്ങള്‍ ശേഖരിച്ചു. സമരം നടത്തുന്ന 10 സന്നദ്ധ സംഘടനകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന സംശയത്തില്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. സമരത്തിന് പിന്നില്‍ അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കുകയാണ്‌ മുഖ്യ ലക്‌ഷ്യം എന്നാണ് സംശയിക്കുന്നത്.

ശ്രീലങ്ക ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദേശരാജ്യങ്ങളുടെ വരുമാനത്തെ വിഴിഞ്ഞം തുറമുഖപദ്ധതി ബാധിക്കും. ഇന്ത്യയുടെ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ് കൈകാര്യം ചെയ്യുന്നത്. ഇത് മൂലം ഇന്ത്യയ്ക്ക് 2000 കോടിയുടെ നഷ്ടമുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ കൊളംബോയില്‍ നിന്നുള്ള ചരക്കുകളും ഇവിടെ എത്തും. ഇതുവഴി കൊളംബോയ്ക്ക് 1500 കോടിയുടെ നഷ്ടമുണ്ടാകും.

തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചാല്‍ ആദ്യവര്‍ഷം 100 കോടി, രണ്ടാം വര്‍ഷം 500 കോടി എന്നിങ്ങനെ ക്രമാനുഗതമായി വരുമാനം വര്‍ധിച്ച് 36 വര്‍ഷം കഴിഞ്ഞാല്‍ 7822 കോടിയിലെത്തും. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിയ്ക്കും. തുറമുഖം വരുന്നതോടെ അനുബന്ധമായുള്ള വ്യവസായങ്ങളും കച്ചവടവും വര്‍ധിക്കും.

സമരക്കാരുടെ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിയാലേ സമരം നിര്‍ത്തൂ എന്ന സമരക്കാരുടെ വാശിയാണ് സര്‍ക്കാരിനെ സമരക്കാരുടെ ലക്ഷ്യത്തെക്കുറിച്ച് സംശയം ഉളവാക്കുന്നത്. വിഴിഞ്ഞം സമരക്കാരെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ഗാന്ധി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തിയതും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കും സമരത്തില്‍ പങ്കുണ്ടോ എന്ന സംശയം ബലപ്പെടുത്തുകയാണ്. അദാനി പദ്ധതി ആയതിനാല്‍ അതിനെ അട്ടിമറിക്കുക വഴി മോദി സര്‍ക്കാരിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യമാണ് സമരക്കാര്‍ക്ക് എന്നും ആരോപണങ്ങളുണ്ട്.

തീരദേശ സംരക്ഷണം എന്ന് നിലവിളിക്കുന്ന സമരക്കാര്‍ കൊല്ലത്തും ആലപ്പുഴയിലും നടക്കുന്ന ഖനനത്തിനെതിരെ ഒരക്ഷരം ഉരിയാടാത്തവരാ ണെന്നത് വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ സമരക്കാര്‍ക്ക് ഗൂഢതാല്‍പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒന്നാണ്. ആലപ്പഴയിലെയും കൊല്ലത്തെയും കരിമണല്‍ഖനനം വന്‍തോതില്‍ തീരദേശശോഷണമുണ്ടാക്കുന്ന പദ്ധതികളായിട്ട് കൂടി അതിനെ വിഴിഞ്ഞം സമരത്തിലെ സംഘടനകള്‍ ഒന്നും എതിര്‍ത്തിട്ടില്ല.

കോടതി വിധിയും പൊലീസ് നടപടിയും സര്‍ക്കാര്‍ ഇടപെടലും കൂസാതെ അതിരുവിട്ടുള്ള സമരം വിദേശ തുറമുഖങ്ങള്‍ക്കു വേണ്ടി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണെന്ന ആരോപണം ശക്തമാണ്. തുറമുഖ നിര്‍മ്മാണം ഏറക്കുറെ അന്തിമ ഘട്ടത്തിലേക്കു നീങ്ങുമ്പോഴാണ് സമരം തുടങ്ങിയത്. സമരത്തിനെതിരെ ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണവും അന്വേഷണവും. സമരത്തിനു പിന്നില്‍ ദുബായ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിദേശ ലോബിയുണ്ടെന്നാണ് പരാതിയിലെ ആരോപണം.

സംഘടനകളുടെയും സംശയമുള്ള വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഐ.ബി പരിശോധിക്കുന്നുണ്ട്. ചിലര്‍ നിരീക്ഷണത്തിലാണ്. വിഴിഞ്ഞത്തും മുതലപ്പൊഴിയടക്കമുള്ള പ്രദേശങ്ങളിലും രഹസ്യ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെത്തി. സമരപ്പന്തലില്‍ ആരൊക്കെയാണ് വരുന്നതെന്നും എന്താണ് പ്രസംഗിക്കുന്നതെന്നും നിരീക്ഷിക്കുന്നു. സംശയമുള്ളവരുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തുന്നുണ്ട്. ദേശീയ താത്പര്യമുളള വിഷയമായതിനാല്‍ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം സമരത്തെ കാണുന്നത്.