മലപ്പുറത്ത് രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം. അങ്കണവാടി വിദ്യാർഥികളും അയൽവാസികളുമായ 2 കുരുന്നുകൾ കുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. മൂന്നും നാലും വയസുള്ള കുട്ടികളാണ് മരിച്ചത്. തൃക്കണ്ടിയൂർ കാവുങ്ങപ്പറമ്പിൽ നൗഷാദിന്റെ മകൻ അമൻ സയാൻ, ഇല്ലത്തുപറമ്പിൽ റഷീദിന്റെ മകൾ ഫാത്തിമ റിയ എന്നിവരാണ് മരണപ്പെട്ടത്. തൃക്കണ്ടിയൂർ അങ്കണവാടിക്കു സമീപത്തെ പെരിങ്കൊല്ലൻ കുളത്തിൽ വൈകിട്ട് മൂന്നരയോടെയാണു സംഭവം നടക്കുന്നത്.

വീടിന് തൊട്ടുപിറകിലാണ് അപകടം സംഭവിച്ച കുളം സ്ഥിതിചെയ്യുന്നത്. കുട്ടികളെ കാണാതായി തിരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ വീണ വിവരം വീട്ടുകാർ അറിയുന്നത്. നാട്ടുകാരെത്തി കുട്ടികളെ കരയ്‌ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു.

അങ്കണവാടിയിൽനിന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചു പൂർത്തിയാക്കും മുൻപേ കളിക്കാനായി പുറത്തേക്ക് കുട്ടികൾ ഓടിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നപ്പോൾ ഇരു വീട്ടുകാരും പ്രദേശവാസികളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കാവുങ്ങപ്പറമ്പിൽ നൗഷാദ് നജ്‌ല ദമ്പതികളുടെ മകനാണ് മരിച്ച അമൻ സയാൻ. പാറപ്പുറത്ത് വീട്ടിൽ റഷീദ്-റഹിയാനത്ത് ദമ്പതികളുടെ മകളാണ് റിയ. തൃക്കണ്ടിയൂർ അംഗനവാടിക്ക് സമീപമാണ് അപകടം സംഭവിച്ച കുളം സ്ഥിതി ചെയ്യുന്നത്. ഇവർ എങ്ങനെയാണ് കുളത്തിൽ വീണതെന്നു വ്യക്തമല്ല.

ഇരുവരുടെയും വീടുകളിൽനിന്ന് 15 മീറ്റർ മാത്രമാണ് കുളത്തിലേക്കുള്ള ദൂരം. ഇടവഴി മറികടന്നാണ് കുട്ടികൾ ഇങ്ങോട്ടെത്തിയത്. കുളത്തിലേക്ക് പ്രവേശിക്കാനായി കവാടം സ്ഥാപിച്ചിരുന്നെങ്കിലും ഇത് തുറന്നു കിടക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞിരിക്കുന്നത്. നജ്‌ലയാണ് അമൻ സയാന്റെ മാതാവ്. റൈഹാനത്ത് ആണ് ഫാത്തിമ റിയയുടെ മാതാവ്.