മുത്തച്ഛനും ചെറുമകനും കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍

കോതമംഗലം: മുത്തച്ഛനെയും ചെറുമകനെയും കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി 78കാരനായ ജോര്‍ജ്, ചെറുമകന്‍ 13കാരന്‍ ജെറിന്‍ എന്നിവരാണ് മരിച്ചത്.

കൃഷിയിടത്തില്‍ പുല്ലിന് മരുന്ന് തളിക്കാനായി ഇരുവരും വ്യാഴാഴ്ച രാവിലെ പോയതായിരുന്നു. ഏറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് ഉച്ചയോടെ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. തിരച്ചിലിനിടയില്‍ കുളക്കരയില്‍ ചെരുപ്പ് കണ്ടെത്തി. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തുകയും കുളത്തില്‍ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു

പാടത്തിനോട് ചേര്‍ന്നുള്ള എട്ട് അടി താഴ്ചയുള്ള കുളത്തിലാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ നിറയെ ചെളി ഉണ്ടായിരുന്നു. ജെറിന്‍ കുളത്തില്‍ വീഴുന്നത് കണ്ട് ജോര്‍ജ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരും ചെളിയില്‍ അകപ്പെട്ടതാതാകാമെന്നാണ് പ്രാഥമിക നിഗമനം. ജെറിന്‍ – പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശൂപത്രി മോര്‍ച്ചറിയില്‍.