13,000കോടി വായ്പ്പാ തട്ടിപ്പ് നടത്തിയ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും.

ലണ്ടന്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000കോടി വായ്പ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടന്‍ ഹൈക്കോടതി വിധി. നാടുകടത്തലിന് എതിരെ നീരവ് മോദി സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. സൗത്ത് ഈസ്റ്റ് ലണ്ടനിലെ വാന്റ്‌സ്‌വര്‍ത്ത് ജയിലിലാണ് നീരവ് മോദി ഇപ്പോൾ കഴിയുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000കോടി വായ്പ്പാ തട്ടിപ്പ് നടത്തിയെന്നാണ് നീരവിന് എതിരായ കേസ്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, നീരവ് രാജ്യം വിടുകയായിരുന്നു. 2019ലാണ് നീരവ് മോദി ബ്രിട്ടണില്‍ അറസ്റ്റിലായത്. ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി അപ്പീല്‍ നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് നാടു കടത്തലിന് എതിരെ നീരവ് ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. ഇന്ത്യയുമായി ബ്രിട്ടണ്‍ നല്ല രീതിയിലുള്ള ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നതെന്നും നീരവ് മോദിക്ക് മുംബൈയിലെ ജയിലില്‍ ആവശ്യമായ വൈദ്യസഹായം നല്‍കുമെന്ന ഇന്ത്യയുടെ ഉറപ്പില്‍ വിശ്വസിക്കുന്നെന്നും അപ്പീല്‍ പരിഗണിക്കുന്നതിനിടെ ലണ്ടന്‍ കോടതി അഭിപ്രായപ്പെടുകയുണ്ടായി.