അസമില്‍ താലിബാന് പിന്തുണ അറിയിച്ച 14 പേര്‍ അറസ്റ്റില്‍

ഗുവഹാട്ടി: സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ അറിയിച്ച 14 പേരെ അസമില്‍ പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനുശേഷമാണ് ഭീകര സംഘടനയ്ക്ക് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചത്.

സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നതിലും ലൈക്കുകള്‍ നല്‍കുന്നതിലും ജനങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്ന് അസം സ്‌പെഷ്യല്‍ ഡി.ജി.പി. ജി.പി. സിങ് ശനിയാഴ്ച ട്വിറ്ററില്‍ വ്യക്തമാക്കി.

കംരുപ്, ധുബ്രി, ബാര്‍പെട്ട ജില്ലകളില്‍നിന്ന് രണ്ടുപേരെ വീതവും ധാരങ്, കഛാര്‍, ഹെയ്‌ലകണ്ടി, സൗത്ത് സല്‍മാര, ഹോജായ്, ഗോള്‍പാര ജില്ലകളില്‍നിന്ന് ഓരോരുത്തരെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ വിദ്യാര്‍ഥിയാണെന്ന് പോലീസ് അറിയിച്ചു.