16 കാരിയായ പോക്‌സോ കേസ് അതിജീവിത ആത്മഹത്യ ചെയ്തു

കൊല്ലം. കുളത്തൂപ്പുഴ സ്വദേശിയായ 16 കാരിയെ വീടിന് സമീപത്തെ വനത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പോക്‌സോ കേസിലെ അതിജീവിതയാണ് കുട്ടി. ഈ മാസം അഞ്ചിന് കുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓയൂരില്‍ യുവാവിന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി.

അതേസമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ കേസ് ചുമത്തി യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ശാരീരിക പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. തുടര്‍ന്ന് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ കുറച്ചു സമയത്തിന് ശേഷം കാണാതാവുകയായിരുന്നു. പിന്നീട് സമീപത്തെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.