ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവി അടുത്ത വര്‍ഷത്തോടെ ഇന്ത്യക്ക്

യുനൈറ്റഡ് നാഷന്‍സ്. ലോക ജനസംഖ്യ ഉയര്‍ന്നതില്‍ വലിയ പങ്ക് ഇന്ത്യക്കെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍. ലോക ജനസംഖ്യ എഴുന്നൂറില്‍നിന്ന് എണ്ണൂറു കോടിയില്‍ എത്തുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടിച്ചേര്‍ത്തത് ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സംഘടന. 17 കോടി 70 ലക്ഷം പേരാണ്, അവസാനത്തെ നൂറു കോടിയില്‍ ഇന്ത്യയുടെ സംഭാവനയായത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവി അടുത്ത വര്‍ഷത്തോടെ ചൈനയെ മറികടന്ന് ഇന്ത്യ കരസ്ഥമാക്കും – യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പറയുന്നു.

പന്ത്രണ്ടു വര്‍ഷം കൊണ്ടാണ് ലോക ജനസംഖ്യ എഴുന്നൂറു കോടിയില്‍നിന്ന എണ്ണൂറു കോടിയില്‍ എത്തി. ഏഷ്യയും ആഫ്രിക്കയുമാണ് ഇതില്‍ വലിയ പങ്കും സംഭാവന ചെയ്തിരിക്കുന്നത്. 2037ല്‍ ലോക ജനസംഖ്യ അടുത്ത നൂറു കോടി മറികടക്കും – യുഎന്‍ പറയുന്നു. ഇപ്പോഴത്തെ നൂറു കോടിയില്‍ ചൈനയുടെ പങ്ക് ഇന്ത്യയുടെ പിന്നില്‍ രണ്ടാമതാണ്. എഴു കോടി മുപ്പതു ലക്ഷം ആണിത്. അടുത്ത നൂറു കോടിയില്‍ ചൈനയുടെ പങ്ക് നെഗറ്റിവ് ആയിരിക്കുമെന്നാണ് യുഎന്നിന്റെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ നുറു കോടിയില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്ക് നെഗറ്റിവ് ആയിരുന്നു.

പതിനാലര വര്‍ഷം കൊണ്ടാവും ലോക ജനസംഖ്യ എണ്ണൂറില്‍നിന്ന് തൊള്ളായിരം കോടിയില്‍ എത്തുക. ജനസംഖ്യാ വര്‍ധനവിലെ ഇടിവാണ് ഇതു കാണിക്കുന്നത്. 2080ല്‍ ജനസംഖ്യ ആയിരം കോടി കവിയും. 2100 വരെ അതു തുടരാനാണ് സാധ്യത. എഴുന്നൂറില്‍ നിന്ന് എണ്ണൂറു കോടി എത്തിയതില്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമാണ് വലിയ പങ്കു വഹിച്ചത്. അടുത്ത നൂറു കോടിയില്‍ 90 ശതമാനവും ഈ രാജ്യങ്ങളുടെ സംഭാവനയായിരിക്കും – യുഎന്‍ പറയുന്നു.